ഡെല്‍ഹി സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സംശയം; അന്വേഷണത്തിന് ഇസ്രയേലും
ന്യൂഡെല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കുസമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. സംഭവസ്ഥലത്തേക്ക് രണ്ടുപേരെ കാറില്‍ കൊണ്ടുവിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡെല്‍ഹിയിലെ കനത്ത സുരക്ഷാമേഖലയിലാണ് തീവ്രതകുറഞ്ഞ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഏതാനും കാറുകള്‍ക്ക് കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്.
കേസില്‍ ഇന്ത്യന്‍ ഏജന്‍സികളെ സഹായിക്കുന്നതിനായി ഇസ്രയേലില്‍ നിന്നുള്ള അന്വേഷണ സംഘവും ഉടന്‍ ന്യൂഡെല്‍ഹിയില്‍ എത്തിച്ചേരും. എന്നാല്‍ അതീവ സുരക്ഷാ മേഖലയിലുണ്ടായ വീഴ്ച സര്‍ക്കാര്‍ ഗൗരവവമായാണ് കാണുന്നത്. ഇസ്രയേല്‍ എംബസിക്കു സമീപം ഉണ്ടായത് ഒരു ടെസ്റ്റ് ഡോസ് ആയിരിക്കാമെന്നും ഗുരുതരമായ മറ്റ് ഭവിഷ്യത്തുകള്‍ പുറകെ സംഭവിക്കാമെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നുണ്ട്. ഇക്കാരണത്താല്‍ ഡെല്‍ഹിയില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം എല്ലാംതന്നെ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
സ്‌ഫോടനസ്ഥലത്ത് എത്തിയ കാറില്‍ നിന്നറങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാര്‍ഡ്രൈവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവറുടെ സഹായത്താല്‍ സംഭവസ്ഥലത്തെത്തിയ രണ്ടുപേരുടെ ഛായാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
സ്‌ഫോടനം ഒരു ‘ട്രെയിലര്‍’ മാത്രമാണെന്ന് പരാമര്‍ശിക്കുന്ന ഒരു കത്തും സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതാണ് അന്വേഷണ ഏജന്‍സികളെ കുഴക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇതിനു പിന്നില്‍ ഇറാന്റെ കൈകളുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്. ഇറാനിലെ ജനറല്‍ കാസെം സോളിമാനിയെയും മുന്‍നിര ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയും രക്തസാക്ഷികളാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും കഴിഞ്ഞ വര്‍ഷം കൊല ചെയ്യപ്പെട്ടു.
ജനുവരി മൂന്നിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തിലാണ് സോളിമാനിയെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കൊലപ്പെടുത്തിയത്. സ്‌ഫോടനത്തില്‍ ഇറാന്റെ പങ്കുണ്ടോ എന്ന് നേരിട്ടു മനസിലാക്കുന്നതിനുവേണ്ടിയാണ് ഇസ്രയേല്‍ അന്വേഷണസംഘം എത്തുന്നത്.