November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമിതമായാല്‍ വെള്ളവും വിഷം

1 min read

ഒരു ദിവസം എത്ര വെള്ളം കുടിക്കണം, അധികം കുടിച്ചാല്‍ എന്തുപറ്റും?

നമ്മുടെ ശരീരത്തിന്റെ 50 മുതല്‍ 60 ശതമാനം വെള്ളമാണ്

കയ്യില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് പലര്‍ക്കും ഇപ്പോഴൊരു ശീലമാണ്. അതിപ്പോള്‍ പുറത്ത് പോകുകയാണെങ്കിലും ഓഫീസിലാണെങ്കിലും ദൂരയാത്രയിലാണെങ്കിലും എന്തിന് വീട്ടിലാണെങ്കില്‍ പോലും ഒരു കുപ്പിയില്‍ വെള്ളമെടുത്ത് വെക്കുന്നത് നിരവധി പേര്‍ക്ക് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. വളരെ നല്ല ശീലമാണ് അതെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ആരോഗ്യസംരക്ഷണം, സുന്ദരമായ ചര്‍മ്മം, ശരീര ഭാരം നിയന്ത്രിക്കല്‍, ദഹനം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ പല നേട്ടങ്ങളും മുന്‍നിര്‍ത്തി ഇനിമുതല്‍ ഞാന്‍ കൂടുതല്‍ വെള്ളം കുടിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവര്‍ ഇന്നത്തെ കാലത്ത് ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ദിവസം നാം എത്ര ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ട്, ആവശ്യത്തിലേറെ വെള്ളം കുടിച്ചാല്‍ എന്ത് സംഭവിക്കും, ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ എന്താണ് ദോഷം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പലര്‍ക്കും ഇപ്പോഴും അറിയില്ല.

 

ശരീരത്തില്‍ വെള്ളത്തിന്റെ ജോലിയെന്ത്?

നമ്മുടെ ശരീരത്തില്‍ 50 മുതല്‍ 60 ശതമാനം വരെ ജലമാണെന്നത് മിക്കവര്‍ക്കും അറിയാം. അതായത് ഒരു വ്യക്തിയുടെ ഭാരം 60 കിലോയാണെങ്കില്‍ ആ ശരീരത്തില്‍ 30 ലിറ്ററെങ്കിലും വെള്ളമുണ്ടായിരിക്കും. ശരീരത്തിലെ എല്ലാ അവയവങ്ങളിലും കോശങ്ങളിലും കോശജാലങ്ങളിലും എന്തിന് എല്ലില്‍ വരെ ജലം അടങ്ങിയിട്ടുണ്ട്. ജീവന്‍ നിലനിര്‍ത്തുന്നതിന് ഏറ്റവും ആവശ്യമുള്ള സംഗതികളില്‍ ഒന്നാണ് ജലമെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ കാരണം വേണോ. ശരീരത്തില്‍ വെള്ളത്തിന് പല പല ജോലികളുണ്ട്.

  • കോശങ്ങള്‍, കോശജാലം, അവയവങ്ങള്‍ എന്നിവയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് വെള്ളം തലച്ചോറിന്റെ എഴുപത്തിയഞ്ച് ശതമാനവും വെള്ളമാണ്.

  • ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വെള്ളത്തിന് വലിയ പങ്കുണ്ട്. മൂത്രത്തിലും മലത്തിലും ജലം അടങ്ങിയിരിക്കുന്നു.

  • ഓക്സിജനും പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു

  • രക്തസമ്മര്‍ദ്ദം കൃത്യമായ അളവില്‍ കാത്തുസൂക്ഷിക്കുന്നു.

  • ശരീര താപനില ക്രമമായി നിലനിര്‍ത്തുന്നു.

  • ശ്വാസനാളികള്‍, മോണ തുടങ്ങിയ ശ്ലേഷ്മ സ്തരങ്ങളിലെ നനവ് നിലനിര്‍ത്തുന്നു.

  • ഉമിനീര്‍, ദഹന രസങ്ങള്‍ പോലുള്ള ദ്രവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

 

ദ്രവങ്ങളുടെ സന്തുലിതാവസ്ഥ

സമസ്ഥാപന അവസ്ഥയാണ് ശരീരം എപ്പോഴും ആഗ്രഹിക്കുന്നത്. അതായത് എല്ലാം സന്തുലിതാമായി ഇരുന്നെങ്കില്‍ മാത്രമേ ഏറ്റവും മികച്ച രീതിയിലുള്ള പ്രകടനത്തിന് ശരീരത്തിന് സാധിക്കുകയുള്ളു. ശരീരദ്രവങ്ങള്‍ സന്തുലിതാവസ്ഥയില്‍ തുടരേണ്ടത് ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയില്‍ പ്രധാനമാണ്. ഓരോ ദിവസവും ശരീരത്തിനുള്ളിലെ ദ്രവങ്ങള്‍ കൃത്യമായി നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് അത്യാവശ്യമാണ്.ശരീരത്തിനുള്ളിലെ ജലത്തിന്റെ അളവില്‍ ഓരോ ദിവസങ്ങളിലും നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകുകയുള്ളു.

പ്രധാനമായും മൂന്ന് സ്രോതസ്സുകളിലൂടെയാണ് ജലം ശരീരത്തിലെത്തുന്നത്. മെറ്റബോളിസത്തിലൂടെ ചെറിയൊരളവ് ജലം ശരീരം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ശരീരത്തിലെ ഭൂരിഭാഗം ജലവും നാം കുടിക്കുന്ന പാനീയങ്ങളിലൂടെയാണ് എത്തുന്നത്. ദിവസവും ശരീരത്തിലെത്തുന്ന ജലത്തിന്റെ 20 ശതമാനം നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നതാണ്. ശരീരത്തിലെത്തുന്ന ജലം ശ്വസനം, വിയര്‍ക്കല്‍, മൂത്രം, മലം എന്നിങ്ങനെ പല മാര്‍ഗങ്ങളിലൂടെയും പുറന്തള്ളപ്പെടുന്നു

 

എത്ര ഗ്ലാസ് വെള്ളം കുടിക്കണം

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ഓരോ ദിവസവും നാം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. മാത്രമല്ല, പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്.

  • പ്രായം കൂടുന്നുന്നതിനനുസരിച്ച് ശരീരത്തിനാവശ്യമായ ജലത്തിന്റെ അളവ് കുറയുന്നു.

  • പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ സ്വല്‍പ്പം കുറവ് വെള്ളം കുടിച്ചാല്‍ മതി

  • ശരീരഭാരം കൂടിയവര്‍ക്ക് കുറച്ച് വെള്ളം മതി. എന്നാല്‍ മസില്‍ മാസ് കൂടുതലുള്ളവര്‍ക്ക് കൂടുതല്‍ ജലം ആവശ്യമാണ്.

  • ചൂടുള്ള കാലാവസ്ഥകളില്‍ ശരീരത്തിന് കൂടുതല്‍ ജലം ആവശ്യമായി വരും.

  • കൂടുതല്‍ അളവില്‍ വ്യായാമം ചെയ്യുന്നവരും അധികം വെള്ളം കുടിക്കണം.

 

ഇത്തരത്തില്‍ ഓരോ വ്യക്തികളും ഒരു ദിവസം കുടിക്കേണ്ട അളവ് വ്യത്യസ്തമാണെങ്കില്‍ പൊതുവെ ഒരു ദിവസം പുരുഷന്മാര്‍ 2.5 ലിറ്റര്‍ മുതല്‍ 3.5 ലിറ്റര്‍ വരെയും സ്ത്രീകള്‍ രണ്ട് ലിറ്റര്‍ മുതല്‍ 2.5 ലിറ്റര്‍ വരെയും വെള്ളം കുടിക്കണം.

ആവശ്യത്തിന് വെള്ളം ശരീരത്തില്‍ എത്തുന്നുണ്ടോയെന്ന് എങ്ങനെ അറിയാം. ശരീരം അത് സംബന്ധിച്ച് സൂചനകള്‍ നല്‍കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരം കാണിക്കുന്ന സൂചനകളെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെയാണ്. ഒരു ശതമാനം നിര്‍ജലീകരണം ഉണ്ടായാല്‍ ദാഹം തോന്നും, മൂന്ന് ശതമാനമായാല്‍ വായ വരളും, നാല് ശതമാനമായാല്‍ തൊഴില്‍ ശേഷി കുറയും, അഞ്ച് ശതമാനമായാല്‍ ശ്രദ്ധക്കുറവ്, തലവേദന, ഉറക്കം എന്നിവ അനുഭവപ്പെടാം. ഏഴ് ശതമാനമായാല്‍ ബോധക്ഷയമുണ്ടാകും. പത്ത് ശതമാനം നിര്‍ജലീകരണം ജീവന് ആപത്താണ്.

ദീര്‍ഘകാലം വെള്ളം കുടിയില്‍ വീഴ്ച വരുത്തിയാല്‍ മലബന്ധം, മൂത്രത്തില്‍ പഴുപ്പ്, കിഡ്നി സ്റ്റോണ്‍ എന്നിവയുണ്ടാകും. ദാഹം തോന്നുമ്പോള്‍ വെള്ളം കുടിക്കുകയാണ് ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനുള്ള മികച്ച മാര്‍ഗം. മൂത്രത്തിന്റെ നിറം പരിശോധിച്ചും ആവശ്യത്തിന് ജലം ശരീരത്തിലെത്തുന്നുണ്ടോ എന്നറിയാനാകും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

 

ആവശ്യത്തിലധികം വെള്ളം കുടിക്കാമോ?

ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നതിനേക്കാള്‍ ആറ് മുതല്‍ എട്ട് തവണ വരെ കുറച്ച് കുറച്ച് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കുറഞ്ഞ സമയം കൊണ്ട് പരിധിയിലധികം ജലം ശരീരത്തിലെത്തുന്നത് ഓവര്‍ ഹൈഡ്രേഷനും ജലം മൂലമുള്ള വിഷബാധയ്ക്കും കാരണമാകും. അതായത് പല തവണയായി നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നും ഉണ്ടാകില്ല, എന്നാല്‍ ഒറ്റത്തവണ നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നത് ആപത്താണ്. ചില സാഹചര്യങ്ങളില്‍ വെള്ളമുള്‍പ്പടെയുള്ള പാനീയങ്ങളുടെ അളവ് നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഹൃദയത്തില്‍ ദ്രവങ്ങള്‍ കെട്ടിക്കിടക്കുന്ന സിഎച്ച്എഫ്, വൃക്കയുടെ തകരാര്‍, കരള്‍ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്നവരോട് പൊതുവെ കുടിക്കുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്താന്‍ പറയാറുണ്ട്.

കൂടുതലായി വെള്ളം കുടിക്കുന്നത് മൂലമുള്ള പ്രധാന പ്രശ്‌നം ശരീരത്തിലെ സോഡിയത്തിന്റെ അളവ് വ്യത്യാസപ്പെടുമെന്നതാണ്. മാത്രമല്ല, ദ്രവങ്ങളുടെ സന്തുലിതാവസ്ഥയും തകരും. വെള്ളം കൂടുതല്‍ കുടിക്കുമ്പോള്‍ വിയര്‍പ്പിലൂടെയും വ്യായാമസമയത്തും സോഡിയം ധാരാളം നഷ്ടപ്പെടാനിടയാകും. ഹൈപ്പൊനട്രീമിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട സോഡിയത്തിന്റെ അളവ് നികത്താതെ വീണ്ടും ധാരാളം വെള്ളം കുടിച്ചാല്‍ രക്തം ലയിക്കുന്നതിന് കാരണമാകും. തുടക്കത്തില്‍ വേദനകളും ക്ഷീണവും തലവേദനയുമൊക്കെയാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ ജീവന്‍ തന്നെ അപകടത്തിലാകുന്നു

Maintained By : Studio3