ഡെസ്‌ക്‌ടോപ്പ് വെബ്‌സൈറ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാം
1 min readനിലവില്‍ മൊബീല്‍ ആപ്പുകളിലൂടെ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഡെസ്‌ക്‌ടോപ്പ് വെബ്‌സൈറ്റ് ഉപയോഗിച്ച് ഇനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇന്‍സ്റ്റാഗ്രാം എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ ആഭ്യന്തരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നതിന് കുറച്ച് സമയമെടുക്കും. ഡെസ്‌ക്‌ടോപ്പ് ബ്രൗസറിലൂടെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയും. നിലവില്‍ മൊബീല്‍ ആപ്പുകളിലൂടെ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത്.
മറ്റൊരു വാര്‍ത്തയില്‍, പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റാഗ്രാം ആപ്പ് പുതിയ വേര്‍ഷന്‍ നിര്‍മിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ പ്രധാന ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമില്‍ ഒരു എക്കൗണ്ട് സൃഷ്ടിക്കണമെങ്കില്‍ പതിമൂന്ന് വയസ്സ് തികയണം. കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത പരിരക്ഷണ നിയമം (കോപ്പ) എന്ന അമേരിക്കന്‍ നിയമം അനുസരിച്ചാണ് ഇന്‍സ്റ്റാഗ്രാം ഈ വ്യവസ്ഥ കൊണ്ടുവന്നത്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍നിന്ന് പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് നിയമം പാസാക്കിയിരുന്നത്.
കുട്ടികള്‍ക്ക് ഇന്‍സ്റ്റാഗ്രാം സുരക്ഷിത ഇടമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇതിനകം ആരംഭിച്ചിരുന്നു. ‘പാരന്റ് ഗൈഡ്’ ഉള്‍പ്പെടെയുള്ള പുതിയ ടൂളുകളാണ് കൊണ്ടുവന്നത്. സെറ്റിംഗ്സിലെ സ്വകാര്യത, ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പാരന്റ് ഗൈഡ്. ഉപയോക്താക്കളുടെ യഥാര്‍ത്ഥ വയസ്സ് അറിയുന്നതിനും ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൗമാര പ്രായക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന മറ്റ് ഫീച്ചറുകളും അണിയറയില്‍ പുരോഗമിക്കുകയാണ്.