കെ വി തോമസ് ഇടതുപക്ഷത്തിനൊപ്പമെന്ന് സൂചന
1 min readഎറണാകുളവും കോണ്‍ഗ്രസിന് കൈവിട്ടേക്കും
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്വന്തം മണ്ഡലമായ എറണാകുളം സീറ്റില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജനുവരി 23 ന് കെ വി തോമസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യും. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു (സ്വതന്ത്ര ചുമതല) തോമസ്. ആറ് തവണ ലോക്‌സഭയില്‍ അംഗമായിരുന്ന അദ്ദേഹം രണ്ട് തവണ എംഎല്‍എയും ആയിരുന്നു. സംസ്ഥാനത്ത് എ കെ ആന്റണി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഈ മുതിര്‍ന്ന നേതാവിന് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ലാറ്റിന്‍ കത്തോലിക്കാ സമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാവായ തോമസിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പുനഃസംഘടനാവേളയില്‍ അദ്ദേഹത്തിന് ഉചിതമായ സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അത് നിറവേറ്റപ്പെട്ടില്ല. പകരം പാര്‍ട്ടി പ്രസിദ്ധീകരണങ്ങളായ ‘വീക്ഷണം ന്യൂസ് പേപ്പര്‍’, ജയ്ഹിന്ദ് ടിവി ‘എന്നിവയുടെ ചുമതലകളാണ് നല്‍കിയത്. രണ്ട് സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവയുമാണ്. പക്ഷേ അദ്ദേഹം ഈ ചുമതലകള്‍ സ്വീകരിച്ചില്ല. കെ വി തോമസിന്റെ രാഷ്ട്രീയ അജ്ഞാതവാസത്തെക്കുറിച്ച് അദ്ദേഹവുമായി അടുത്ത ഒരു മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസുമായി സംസാരിച്ചു. തോമസ് ഇതിനകം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നേരത്തെ ജയിച്ച എറണാകുളം സീറ്റില്‍ നിന്ന് അദ്ദേഹം മത്സരിക്കും. സീറ്റ് അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ സിപിഐ-എം ദേശീയ നേതൃത്വവുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും തോമസിന് നല്ല ബന്ധവുമാണുള്ളത്.
കെ വി തോമസിനെ സിപിഐ-എം സ്വാഗതം ചെയ്തിട്ടുണ്ട്. ‘കാര്യങ്ങള്‍ തെളിയട്ടെ, അദ്ദേഹം തന്റെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യും. ആദ്യം അദ്ദേഹം തീരുമാനം പ്രഖ്യാപിക്കട്ടെ’പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ഇടതുപക്ഷം ചേര്‍ന്ന് സഞ്ചരിക്കാന്‍ തീരുമാനിക്കുകയായണെങ്കില്‍ കോണ്‍ഗ്രസ് കോട്ടയായ എറണാകുളം അസംബ്ലി സീറ്റ് അവര്‍ക്ക് കൈവിട്ടുപോകാനുള്ള സാധ്യതയേറെയാണ്. ലാറ്റിന്‍ കത്തോലിക്കാ സമുദായത്തിന്റെ ശക്തികേന്ദ്രമാണ് എറണാകുളം, എറണാകുളത്ത് പാര്‍ട്ടിയില്‍ കെ വി തോമസിനു പകരം വെയ്ക്കാന്‍ കോണ്‍ഗ്രസ് ശക്തരായ നേതാക്കളില്ല എന്നു പറയേണ്ടിവരും. അതിനാല്‍ കെ വി തോമസിന്റെ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കും.അതേസമയം കെ വി തോമസ് പാര്‍ട്ടി വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിട്ടുണ്ട്.