ഇന്ത്യ യുഎസിന്റെ മുന്‍നിര പങ്കാളിയെന്ന് ബ്ലിങ്കന്‍
1 min readന്യൂയോര്‍ക്ക്: ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യ യുഎസിന്റെ മുന്‍നിര പങ്കാളിയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് ബ്ലിങ്കന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വളര്‍ന്നുവരുന്ന യുഎസ്-ഇന്ത്യ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനും കോവിഡ് -19 വാക്‌സിനേഷന്‍ ശ്രമങ്ങള്‍, പ്രാദേശിക സംഭവവികാസങ്ങള്‍, ഉഭയകക്ഷി ബന്ധം എന്നിവ വികസിപ്പിക്കുന്നതിനുള്ള അടുത്ത നടപടികള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനായി കഴിഞ്ഞദിവസാണ് ബ്ലിങ്കന്‍ ജയ്ശങ്കറിനെ വിളിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ആഗോള സംഭവവികാസങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇരുവരും തമ്മില്‍ ചര്‍ച്ചയില്‍ ധാരണയായി.
സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ ബ്ലിങ്കനെ അഭിനന്ദിച്ച ജയശങ്കര്‍ അദ്ദേഹവുമായി ചേര്‍ന്ന് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. പങ്കാളിത്തത്തിന്റെ ഉറച്ച അടിത്തറയില്‍ കൂടുതല്‍ കാര്യങ്ങള്‍ പടുത്തുയര്‍ത്താമെന്ന്് ഇരുവരും സമ്മതിച്ചു. കോവിഡ് -19 പാന്‍ഡെമിക്കിനെ നേരിടാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തു. ജയ്ശങ്കര്‍ വിദേശകാര്യ സെക്രട്ടറിയും ബ്ലിങ്കന്‍ 2015 ല്‍ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നപ്പോള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ന്യൂഡെല്‍ഹിയില്‍ കണ്ടുമുട്ടുകയും ചെയ്തിരുന്നു. ആദ്യ അവസരത്തില്‍ത്തന്നെ നേരിട്ട് കണ്ടുമുട്ടാന്‍ ഇരുവരും ആഗ്രഹിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
ക്വാഡ് ഉള്‍പ്പെടെയുള്ള പ്രാദേശിക സഹകരണം വിപുലീകരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവരുടെ സംഭാഷണത്തില്‍ ബ്ലിങ്കന്‍ ഊന്നിപ്പറഞ്ഞിരുന്നു. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ക്വാഡ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ 2017 ലാണ് ഈ സംവിധാനം പുനരുജ്ജീവിപ്പിച്ചത്. ഈ മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ജനാധിപത്യരാജ്യങ്ങളുടെ സഖ്യംകൊണ്ട് ചെറുക്കുക എന്നതായിരുന്നു ഈ നീക്കംകൊണ്ട് യുഎസ് ഉദ്ദേശിച്ചത്. കൂടാതെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ കഴിഞ്ഞദിവസം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിച്ച സഹകരണം ഉറപ്പാക്കുകയും പ്രാദേശിക സുരക്ഷയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.
മുന്‍ ഭരണത്തിന്‍കീഴില്‍ വളര്‍ന്ന ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തില്‍ തുടര്‍ച്ചയുണ്ടാകുമെന്ന് സ്ഥിരീകരണ ഹിയറിംഗിനിടെ ബ്ലിങ്കനും വിദേശകാര്യ സമിതിയെ അറിയിച്ചിരുന്നു. ചൈനയുള്‍പ്പെടെ മേഖലയിലെ ഒരു രാജ്യവും ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നത് ഉണ്ടാകാതിരിക്കാന്‍ യുഎസ് ന്യൂഡെല്‍ഹിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.