ഇന്ത്യയുടെ ലക്ഷ്യം ആഗോള വിതരണ ശൃംഖലയിലെ പ്രധാന കേന്ദ്രമാകല്‍: മോദി
ന്യൂഡെല്‍ഹി: അപ്രതീക്ഷതമായ ഒന്നുമില്ലാത്ത നികുതി, എഫ്ഡിഐ സംവിധാനങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളും ആഗോള നിക്ഷേപകര്‍ക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുന്നതും വിശദീകരിച്ചുകൊണ്ട് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പകര്‍ച്ചവ്യാധി ബാധിച്ചെങ്കിലും സാമ്പത്തിക രംഗത്തും കാര്യങ്ങള്‍ മാറുത്തുടങ്ങുകയാണ്. ‘ആത്മനിഭര്‍’ (സ്വശ്വയത്രെ) എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ആഗോള വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ആത്മനിഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതെന്നും മോദി പറഞ്ഞു.
സാമ്പത്തിക, വ്യാവസായിക മേഖലയിലെ ഇന്ത്യയുടെ വിജയം ആഗോള വളര്‍ച്ചയെ സഹായിക്കുമെന്നും ആഗോള വിതരണ ശൃംഖലയെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്വീകരിച്ച പരിഷ്‌കരണ നടപടികളെ ഉദ്ധരിച്ച പ്രധാനമന്ത്രി, ഏറെ എതിര്‍പ്പുകള്‍ നേരിടുന്ന കാര്‍ഷിക നിയമങ്ങളെ കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. രാജ്യം സ്വാശ്രയമാക്കാനുള്ള കാഴ്ചപ്പാടില്‍ ‘ഇന്‍ഡസ്ട്രി 4.0’ വലിയ പിന്തുണയാകുമെന്നാണ് കണക്കാക്കുന്നത്.
കണക്റ്റിവിറ്റി, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേണിംഗ് (എഐ / എംഎല്‍), തത്സമയ ഡാറ്റ എന്നിവ ഇതില്‍ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡാറ്റയുടെ കാര്യത്തില്‍ ഇന്ത്യയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഏറ്റവും കൂടുതല്‍ ഡാറ്റയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നതും ചൂണ്ടിക്കാട്ടി.
12 ദിവസത്തിനുള്ളില്‍ 2.3 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും മൊത്തം 30 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകരെ വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.