സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024
തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍കുന്നതായി വിദഗ്ധര്‍. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ലൈഫോളജി ഫൗണ്ടേഷന്‍ ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്‍റും ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഇന്ത്യയിലെ തൊഴില്‍ സാഹചര്യത്തെ വിശദമായി വിശകലനം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്. 2000 മുതല്‍ 2023 ആദ്യപാദം വരെയുള്ള തൊഴില്‍ മേഖലയുടെ പുരോഗതി, കാര്‍ഷിക തൊഴിലുകളിലേക്കുള്ള മാറ്റം, തൊഴില്‍ തേടുന്നതില്‍ സ്ത്രീകളുടെ പുരോഗതി, തൊഴില്‍പരമായി യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സാങ്കേതിക മാറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന ഘടകങ്ങളാണ്. യുവാക്കളുടെ തൊഴില്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
ടിസിഎസ് വൈസ് പ്രസിഡന്‍റും ഡെലിവറി സെന്‍റര്‍ മേധാവിയുമായ ദിനേശ് പി തമ്പി, ഇ വൈ ഗ്ലോബല്‍ ഡെലിവറി ഇന്ത്യ ഓപ്പറേഷന്‍സ് മേധാവി റിച്ചാര്‍ഡ് ആന്‍റണി, എമിര്‍കോം സിഒഒ ഡോ. അജയ്യകുമാര്‍, ഫായ എംഡി ദീപു എസ് നാഥ്, കേരള ഇന്നവേഷന്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ റിയാസ് പിഎം, ലൈഫോളജി ഫൗണ്ടേഷന്‍ സഹസ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ജെ നായര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൊഴില്‍ മേഖലയിലെ സുപ്രധാന പ്രവണതകളും മാറ്റങ്ങളും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ കണ്ടെത്തലുകളെ കുറിച്ച് പാനലിസ്റ്റുകള്‍ ചര്‍ച്ച ചെയ്തു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം, നയപരമായ പിന്തുണ എന്നിവയുടെ പ്രാധാന്യം റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. 2019 മുതല്‍ തൊഴില്‍ വിപണി സൂചകങ്ങളില്‍ പുരോഗതിയുണ്ടെന്നും തൊഴിലില്ലായ്മ നിരക്കിലെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്വയംതൊഴില്‍, അസംഘടിത മേഖലയിലെ തൊഴിലുകള്‍, വീട്ടുജോലിയില്‍ ഒതുങ്ങുന്ന സ്ത്രീകള്‍ എന്നിവയിലെ വര്‍ധനവും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള സ്ത്രീകളില്‍ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ധനവും പ്രധാന ഘടകമാണ്. കുറഞ്ഞ വേതനം, സാങ്കേതിക പുരോഗതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ യുവാക്കള്‍ നേരിടുന്ന വെല്ലുവിളികളായി കണക്കാക്കുന്നു.