ഇന്ത്യയുടെ ഉയര്‍ന്ന പണപ്പെരുപ്പ നിഗമനം സുഖകരമല്ല: മൂഡിസ് അനലിറ്റിക്സ്
1 min readചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ പണപ്പെരുപ്പ പ്രവണത അസ്വസ്ഥത ഉളവാക്കുന്ന വിധം ഉയര്‍ന്നതാണെന്നും ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്‍റെ ശേഷിയെ പരിമിതപ്പെടുത്തുകയാണെന്നും മൂഡീസ് അനലിറ്റിക്സിന്‍റെ നിരീക്ഷണം. റിസര്‍വ് ബാങ്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ എട്ട് മാസമായി റീട്ടെയ്ല്‍ പണപ്പെരുപ്പം എന്ന് മൂഡിസ് അനലിറ്റിക്സിന്‍റെ കുറിപ്പില്‍ പറയുന്നു.
ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഒഴികെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.6 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ ഇത് 5.3 ശതമാനമായിരുന്നു. മൊത്തം സിപിഐ പണപ്പെരുപ്പം ജനുവരിയില്‍ 4.1 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ-പാനീയ വിഭാഗത്തിലെ പണപ്പെരുപ്പം ജനുവരിയിലെ 2.7 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി ഉയര്‍ന്നു.
ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുന്നതില്‍ 46 ശതമാനം പങ്കുവഹിക്കുന്ന ഭക്ഷ്യവിഭാഗം പണപ്പെരുപ്പെ ഉയരുന്നതിലെ പ്രധാന ഘടകമാണ്. ‘ഭക്ഷ്യവസ്തുക്കളുടെ അസ്ഥിരമായ വിലയും എണ്ണവിലയും 2020ല്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം പലതവണ 6 ശതമാനം കവിയാന്‍ കാരണമായി,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയരുന്ന ഇന്ധന വില പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നത് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കിനെ തടയും.
ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇരുവശങ്ങളിലേക്കും രണ്ട് ശതമാനം വീതം സഹിഷ്ണുതാ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. 2-6 എന്ന ഈ പരിധിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. എന്നാല്‍, തുടര്‍ന്നും ഈ ടാര്‍ഗറ്റ് ബാന്‍ഡ് തന്നെ നിലനിര്‍ത്താന്‍ ആര്‍ബിഐ നിശ്ചയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ മൂഡിസ് അനലിറ്റിക്സ് വിലയിരുത്തുന്നു. അസാധാരണമായ സാഹചര്യങ്ങളില്‍ ഇതില്‍ ആവശ്യാനുസരണം മാറ്റം വരുത്തുന്നത് ഉള്‍പ്പടെയുള്ള ഭേദഗതികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.