October 29, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരുമിച്ച് ചുവട് വെക്കാന്‍ ആനയും വ്യാളിയും; ഗ്രേറ്റ് വാളും സായ്ക്കും നിക്ഷേപമിറക്കും

1 min read

ചൈനയില്‍ നിന്നുള്ള 45 നിക്ഷേപ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കും

കൂട്ടത്തില്‍ വമ്പന്മാരായ സായ്ക്കും ഗ്രേറ്റ് വാളുമുണ്ടാകും

ഇന്ത്യയും ചൈനയും ബിസിനസില്‍ വീണ്ടും അടുക്കുന്നു

ന്യൂഡെല്‍ഹി: ചൈനീസ് വിരുദ്ധ വികാരം ഇപ്പോഴും നിലനില്‍ക്കെ ചൈനയുമായുള്ള ബിസിനസ് ബന്ധങ്ങള്‍ സജീവമാക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായി ചൈനയില്‍ നിന്നുള്ള 45 നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി ലഭിക്കും. ചൈനയില്‍ നിന്നുള്ള എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം)ക്ക് അനുമതി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രം തുടങ്ങിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത ഉണ്ടായിരുന്നു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് ശമനം വരുന്നതും ബിസിനസ് ബന്ധം വീണ്ടും ശക്തമാകുമെന്ന പ്രതീതി ജനിപ്പിക്കുന്നു.

  എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച

ചൈനീസ് നിക്ഷേപത്തിന് മേല്‍ ഇന്ത്യ പിടിമുറുക്കിയതോടെ നിന്നു പോയ പദ്ധതികളാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ഏകദേശം രണ്ട് ബില്യണ്‍ ഡോളറിലധികം വരുന്ന 150 നിക്ഷേപ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന കൈയടിക്കിവച്ചിരിക്കുന്ന ഹോങ്കോംഗ് വഴി നിക്ഷേപം വഴി തിരിച്ചുവിട്ട യുഎസ്, ജപ്പാന്‍ കമ്പനികള്‍ക്കും ഇന്ത്യയുടെ നയത്തിന്‍റെ ആഘാതമേറ്റു.

150ല്‍ 45 നിക്ഷേപ പദ്ധതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം അനുമതി നല്‍കുകയെന്നാണ് വിവരം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രശ്നങ്ങളില്ലാത്തതാകും പദ്ധതികള്‍. അമിതമായി ചൈനീസ് നിക്ഷേപം പ്രോല്‍സാഹിപ്പിച്ചാല്‍ ആര്‍എസ്എസ് സംഘടനകള്‍ ശക്തമായ എതിര്‍പ്പുന്നയിക്കാനും സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താകും മോദി സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍.

  പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സ് വിപണിയില്‍

ചൈനയിലെ വമ്പന്‍ കമ്പനികളായ ഗ്രേറ്റ് വാളും സായ്ക്കും നിക്ഷേപം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടാകുമെന്നാണ് സൂചന. യുഎസിലെ ഓട്ടോഭീമനായ ജനറല്‍ മോട്ടോഴ്സും ഗ്രേറ്റ് വാളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. യുഎസ് കമ്പനിയുടെ ഇന്ത്യയിലെ കാര്‍ പ്ലാന്‍റ് ചൈനീസ് കമ്പനി ഏറ്റെടുക്കും എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. ഏകദേശം 300 മില്യണ്‍ ഡോളറിന്‍റേതാണ് ഇടപാട്. ഇത് കൂടാതെ ഗ്രേറ്റ് വാള്‍ ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ഉടന്‍ കാര്‍ വില്‍പ്പന തുടങ്ങാനാകുമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അവരുടെ പ്രതീക്ഷ. തങ്ങളുടെ സബ്സിഡിയറിയായ ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോഴ്സ് വഴി 2019 മുതല്‍ ഇന്ത്യയില്‍ കാര്‍ വില്‍പ്പന തുടങ്ങിയിട്ടുണ്ട് ചൈനയിലെ വമ്പന്‍ കമ്പനിയായ സായ്ക്ക്. ഇതിനോടകം 400 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം അവര്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ നിക്ഷേപം നടത്തണമെങ്കില്‍ ഇനി സര്‍ക്കാരിന്‍റെ അനുമതി വേണം.

  സ്റ്റഡ്സ് ആക്സസറീസ് ഐപിഒ ഒക്ടോബര്‍ 30 മുതല്‍

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് ഉറപ്പുള്ള മൂന്ന് വിഭാഗങ്ങളില്‍ മാത്രം ചൈനീസ് നിക്ഷേപം അനുവദിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഓട്ടോമൊബീല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍സ് ആന്‍ഡ് ടെക്സ്റ്റൈല്‍സ് തുടങ്ങിയ രംഗങ്ങളിലെ സംരംഭങ്ങള്‍ക്കാകും മുന്‍ഗണന.

Maintained By : Studio3