രഘുറാം രാജന്‍ പറയുന്നു കോവിഡ് രണ്ടാം തരംഗത്തിന് കാരണം നേതൃത്വത്തിന്‍റെ പോരായ്മ
1 min read- മോദിയുടെ കോവിഡ് നയത്തെ വിമര്‍ശിച്ച് രഘുറാം രാജന്‍
- വൈറസ് തിരിച്ചുവന്ന് നാശം വിതയ്ക്കുമെന്ന് ഭരണാധികാരികള്‍ മനസിലാക്കേണ്ടിയിരുന്നു
- അതിനുള്ള സൂചനകള്‍ എല്ലാം തന്നെ ലോകത്തുണ്ടായിരുന്നു
മുംബൈ: ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. നേതൃഗുണത്തിന്‍റെ പോരായ്മയാണത്, ഉള്‍ക്കാഴ്ച്ചയില്ലാത്തതിന്‍റെ ഫലമാണത്-രഘുറാം രാജന്‍ പറഞ്ഞു.
നിങ്ങള്‍ കൂടുതല്‍ ബോധവാനായിരുന്നെങ്കില്‍, നിങ്ങള്‍ കൂടുതല്‍ കരുതലോടെയുള്ള ആളായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചറിയായമായിരുന്നു, കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന്-രാജന്‍ കുറ്റപ്പെടുത്തി.
ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കുന്ന ഒരാളും വൈറസിന്‍റെ രണ്ടാം വരവ് തിരിച്ചറിയാതെ ഇരിക്കുമായിരുന്നില്ല. ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ അതിന്‍റെ വ്യക്തമായ സൂചന നല്‍കിയിരുന്നതാണ്. കൊറോണ വൈറസ് അതിഭീകരമായി തിരിച്ചുവന്ന് ഭയാനകമാം വിതം നാശം വിതയ്ക്കുമെന്നത് ഉറപ്പായിരുന്നു.
കോവിഡ് 19 കേസുകള്‍ എല്ലാ സീമയും ലംഘിച്ച് ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. 350,000 എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതിദിനകോവിഡ് കേസുകളുടെ ശരാശരി കണക്ക്. വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടെങ്കിലും അദ്ദേഹം അതിന് തയാറാകുന്നില്ല. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ വലിയ സാമ്പത്തിക തകര്‍ച്ച ഉണ്ടാകുമോയെന്ന ഭയത്തിലാണിത്.
ആദ്യ കോവിഡ് തരംഗത്തെ കാര്യക്ഷമതയോടെ പ്രതിരോധിച്ച ഇന്ത്യക്ക് രണ്ടാം തംരംഗം തടയാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.