നാല് ദശലക്ഷം പ്രതിരോധ കുത്തിവെയ്പ്പുകള്‍ അതിവേഗം നല്‍കുന്ന രാജ്യമായി ഇന്ത്യ
1 min readന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് 19 ദിവസത്തിനുള്ളില്‍ 4.5 ദശലക്ഷം കുത്തിവെയ്പ് നടത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വാക്‌സിനേഷനില്‍ നാല് ദശലക്ഷം എന്ന നാഴികക്കല്ല് രാജ്യം പിന്നിട്ടത് വെറും 18 ദിവസത്തിനുള്ളിലാണ്. ലോകത്തില്‍ വേറൊരു രാജ്യവും ഇത്രയും വേഗതയില്‍ പ്രതിരോധ കുത്തിവെയ്പ് നടത്തിയിട്ടില്ല. കണക്കുകള്‍ പ്രകാരം, അമേരിക്കയും ഇസ്രായേലും യുണൈറ്റഡ് കിംഗ്ഡവും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ നേട്ടം കൈവരിച്ചിട്ടില്ല. നാല് മില്യണ്‍ എന്ന കടമ്പയ്ക്ക് യുഎസ് 20 ദിവസവും ഇസ്രായേലും യുകെയും 39 ദിവസവും വീതമെടുത്തു.
ജനുവരി പകുതിയോടെയാണ് ഇന്ത്യ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. അതേസമയം മറ്റ് പല രാജ്യങ്ങളും രണ്ടുമാസം മുന്‍പുതന്നെ കുത്തിവെയ്പ് ആരംഭിച്ചിരുന്നു. ആഗോള പാന്‍ഡെമിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ സുപ്രധാന നേട്ടമാണിതെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,041 സെഷനുകളിലായി 3,10,604 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
4,63,793 വാക്‌സിനേഷനുകളുമായി ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത് . രാജസ്ഥാന്‍ 3,63,521 ഉം രാജസ്ഥാന്‍, മഹാരാഷ്ട്ര 3,54,633 ഉം, മധ്യപ്രദേശ് 3,30,722 ഉം കര്‍ണാടക 3,16,638 ഉം, ഗുജറാത്ത് 3,11,251 ഉം, പശ്ചിമ ബംഗാള്‍ 3,01,091 ഉം പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തി.അതേസമയം കോവിഡ് വ്യാപനം ദേശീയതലത്തില്‍ കുറഞ്ഞുവരികയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് സ്ഥിതി ആശങ്കാജനകമായിട്ടുള്ളത്.
വാക്സിനുകളില്‍ നിന്ന് ആന്റിബോഡികള്‍ രൂപപ്പെടാന്‍ 42 ദിവസമെടുക്കുമെന്ന് വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് 19 ദിവസമേ ആയിട്ടുള്ളൂവെന്ന് സെന്റര്‍ നടത്തുന്ന സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ജുഗല്‍ കിഷോര്‍ പറഞ്ഞു. നമ്മുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇതിനകം ആന്റിബോഡികള്‍ വികസിച്ചതായും ഇത് സജീവമായ കേസുകളുടെ ഇടിവിന് കാരണമായതാകാമെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.