പ്രതിദിനം 10 ദശലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഇന്ത്യ
1 min read- അടുത്ത മാസം 220 ദശലക്ഷം വാക്സിനുകള്‍ കൂടി ലഭ്യമാകും
- കുത്തിവയ്പ്പിന്‍റെ വേഗത പരമാവധി കൂട്ടാന്‍ മോദി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: പ്രതിദിനം 10 ദശലക്ഷം പേര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാന്‍ ഇന്ത്യ. 10 ധസലക്ഷം എന്നത് സ്ഥിരമായി സാധ്യമാക്കാന്‍ ശ്രമിക്കുമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണേസേഷന്‍ തലവന്‍ എന്‍ കെ അറോറ വ്യക്തമാക്കി. തിങ്കളാഴ്ച്ച എട്ട് ദശലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ രാജ്യത്തിന് സാധിച്ചിരുന്നു. ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ 54.24 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കിയിരുന്നു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 29.46 കോടി ഡോസ് വാക്സിന്‍ ഡോസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 50,848 പേര്‍ക്കാണെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,43,194 ആയി കുറഞ്ഞിട്ടുണ്ട്. 82 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലാണിത്. രാജ്യത്താകമാനം ഇതുവരെ 2,89,94,855 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,817 പേര്‍ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ 41-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തി നിരക്ക് 96.56% ആയി വര്‍ദ്ധിച്ചു.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നുവെന്നും കണക്കുകള്‍ പറയുന്നു. നിലവില്‍ ഇത് 3.12% ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.67% ആണ്. തുടര്‍ച്ചയായ 16-ാം ദിവസവും 5 ശതമാനത്തില്‍ താഴെയാണ്.