ഐബിഎസ് – ലുഫ്താന്‍സ എയര്‍ കാര്‍ഗോ ബിസിനസ് ഒരു ദശകം പൂര്‍ത്തിയാക്കി
2012 ല്‍ ലുഫ്താന്‍സ കാര്‍ഗോ അതിന്‍റെ പ്രധാന ഐടി പ്ലാറ്റ് ഫോമായ മൊസൈക്ക് എന്ന മെയിന്‍ഫ്രെയിം സിസ്റ്റം മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെയാണ് ഐബിഎസുമായുള്ള പങ്കാളിത്തത്തിന് തുടക്കമാകുന്നത്. ഈ മെയിന്‍ഫ്രെയിം സിസ്റ്റത്തിന്‍റേത് 30 വര്‍ഷം പഴക്കമുള്ള സാങ്കേതിക വിദ്യയായിരുന്നു. ലുഫ്താന്‍സയുടെ പ്രവര്‍ത്തനത്തിന്‍റെ നാഡീകേന്ദ്രമായ ഇത് മാറ്റുന്നത് അങ്ങേയറ്റം സങ്കീര്‍ണമായിരുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 400 ലധികം സ്ഥാപനങ്ങളെ വിലയിരുത്തിയാണ് കഴിവും അനുഭവസമ്പത്തും ഉയര്‍ന്ന സാങ്കേതിക നിലവാരവും കണക്കിലെടുത്ത് ഐബിഎസ് സോഫ്റ്റ് വെയറിനെയും അതിന്‍റെ ഐ കാര്‍ഗോയെയും ലുഫ്താന്‍സ ഇതിനായി തെരഞ്ഞെടുത്തത്.
ലുഫ്താന്‍സയുടെ മെയിന്‍ഫ്രെയിം സിസ്റ്റം മാറ്റി സ്ഥാപിക്കുന്നതിനു പുറമേ ലുഫ്താന്‍സ കാര്‍ഗോ-നിര്‍മ്മിത ആപ്ലിക്കേഷനുകള്‍ ഐകാര്‍ഗോയുടെ കീഴില്‍ കൊണ്ടുവന്ന് അതിന്‍റെ ഐടി ലാന്‍ഡ്സ്കേപ്പ് കൂടുതല്‍ ഏകീകരിക്കുവാനും ഐബിഎസിനായി. വളരെ സങ്കീര്‍ണമായ ഐകാപ് എന്ന ഈ പരിവര്‍ത്തന പദ്ധതിയില്‍ ലുഫ്താന്‍സ കാര്‍ഗോ ശൃംഖലയിലുടനീളമുള്ള 300 ലധികം ആഗോള ലൊക്കേഷനുകളും ഫ്രാങ്ക്ഫര്‍ട്ട് മെഗാ-ഹബ്ബ് ഉള്‍പ്പെടെ യൂറോപ്പിലെ പ്രധാന കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. എയര്‍ലൈനുകളുടെ ചരക്കുനീക്ക ബിസിനസിന്‍റെ ആവശ്യകതകളെ പിന്തുണയ്ക്കുന്ന ഒരു സംയോജിത പരിഹാരമാണ് ഐകാപ്. ഇത് മികച്ച പ്രവര്‍ത്തനവും ലാഭക്ഷമതയും സാധ്യമാക്കുന്നതിനൊപ്പം ചരക്കുവാഹനങ്ങള്‍, ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍റുമാര്‍, വിമാനത്താവളങ്ങള്‍ എന്നിവയില്‍ വര്‍ധിച്ചുവരുന്ന ചരക്ക് നീക്കത്തിന്‍റെ ആവശ്യകതകള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ വിജയത്തെത്തുടര്‍ന്ന് 2020ല്‍ ലുഫ്താന്‍സ ഐകാര്‍ഗോയ്ക്കുള്ള സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറുകയും ലുഫ്താന്‍സ കാര്‍ഗോയുടെ ഐകാപ് പ്ലാറ്റ് ഫോമിന്‍റെ പൂര്‍ണ പരിപാലന, ഉടമസ്ഥാവകാശം ഐബിഎസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ലുഫ്താന്‍സ കാര്‍ഗോയും ഐബിഎസും 2021 ല്‍ ഐപാര്‍ട്ട്നര്‍ ഹാന്‍ഡ് ലിംഗ് പ്ലാറ്റ് ഫോം പോലുള്ള നൂതനമായ ബിസിനസ് രീതികള്‍ നടപ്പിലാക്കുകയും നിരവധി വ്യവസായ മേഖലകളെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ഇത് ലുഫ്താന്‍സയുടെ ‘മൊബൈല്‍ ഡിജിറ്റല്‍ ഹാന്‍ഡ് ലിംഗ്’ സംരംഭത്തിലെ വ്യക്തമായ പുരോഗതിയെ അടയാളപ്പെടുത്തുകയും പ്രവര്‍ത്തനങ്ങളില്‍ പേപ്പര്‍ അധിഷ്ഠിത പ്രക്രിയകള്‍ ഇല്ലാതാക്കുന്നതിനായി ടാസ്ക്കുകളും പ്രോസസ് ചെക്കുകളും ഡിജിറ്റൈസ് ചെയ്ത് മികച്ച കസ്റ്റമര്‍ അനുഭവം പ്രാപ്തമാക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങള്‍ ലുഫ്താന്‍സ കാര്‍ഗോയ്ക്ക് 100% ഇ-ഫ്രൈറ്റ് അഡോപ്ഷന്‍ നേടിക്കൊടുത്തു.
ഡിജിറ്റൈസേഷനിലേക്ക് ലുഫ്താന്‍സയെ നയിക്കുന്നതില്‍ ഐബിഎസ് വര്‍ഷങ്ങളായി ശക്തമായ പങ്കാളികളാണെന്ന് ലുഫ്താന്‍സ കാര്‍ഗോ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ഡൊറോത്തിയ വോണ്‍ ബോക്സ്ബെര്‍ഗ് പറഞ്ഞു. ദീര്‍ഘകാലമായുള്ള ഐടി സംവിധാനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നത് മുതല്‍ ഡിജിറ്റല്‍ പൂര്‍ത്തീകരണ മേഖലയില്‍ അടിത്തറ പാകുന്നതിനും ദൂര്യാപകമായ ഐടി സൊല്യൂഷനുകളുടെ വികസനം വരെയും ഐബിഎസിന്‍റെ സാന്നിധ്യമുണ്ട്. വ്യവസായത്തിന്‍റെ ഡിജിറ്റല്‍ പരിവര്‍ത്തനം നയിക്കുന്നതിനും ഡാറ്റ ഗുണനിലവാരവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഇതുവഴി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലുഫ്താന്‍സ കാര്‍ഗോയുമായുള്ള ഒരു ദശാബ്ദക്കാലത്തെ ശക്തമായ പങ്കാളിത്തം അഭിമാനത്തോടെയാണ് കാണുന്നതെന്ന് ഐബിഎസ് കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് മേധാവി അശോക് രാജന്‍ പറഞ്ഞു. ഈ പങ്കാളിത്തം ഒരു ബയര്‍-സപ്ലയര്‍ ബന്ധത്തിന് അപ്പുറത്താണ്. നിരവധി നൂതന ബിസിനസ് സമ്പ്രദായങ്ങള്‍ സൃഷ്ടിക്കാനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യവസായത്തില്‍ ചരക്കുനീക്ക പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും ഗുണനിലവാരം മെച്ചപ്പെടുത്താനും പങ്കാളിത്തത്തിലൂടെ സാധിച്ചിട്ടുണ്ട്. ലുഫ്താന്‍സയ്ക്കൊപ്പമുള്ള പ്രവര്‍ത്തനവും അതിന്‍റെ മൂല്യവും ദീര്‍ഘകാലം നിലനിര്‍ത്താനാണ് ഐബിഎസ് ലക്ഷ്യമിടുന്നതെന്നും അശോക് രാജന്‍ പറഞ്ഞു.
ഐബിഎസുമായി പത്തുവര്‍ഷത്തെ പങ്കാളിത്തത്തെ ഏറ്റവും ഫലപ്രദമായിട്ടാണ് കാണുന്നതെന്ന് ലുഫ്താന്‍സ കാര്‍ഗോ സി.ഐ.ഒ. യോഹെന്‍ ഗോട്ടല്‍മാന്‍ പറഞ്ഞു. ഐബിഎസും ലുഫ്താന്‍സയും ഐകാര്‍ഗോയെ ഒരു ഉല്‍പ്പന്നമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെക്നോളജി മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയില്‍ ഐബിഎസും ഇന്നൊവേഷന്‍ ഡ്രൈവര്‍ എന്ന നിലയില്‍ ലുഫ്താന്‍സ കാര്‍ഗോയും തമ്മിലുള്ള സഹകരണം ഫ്രാങ്ക്ഫര്‍ട്ടിലെ ഗ്ലോബല്‍ ഹാന്‍ഡ് ലിംഗ് ഹബ്ബിലും ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങളിലും മികച്ച സേവനം ഉറപ്പാക്കുന്നു. വിമാന ചരക്കുനീക്കത്തില്‍ നൂതനാശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള ലുഫ്താന്‍സയുടെ പ്രവര്‍ത്തനത്തിന് പ്രതിബദ്ധതയോടെ സഹായിക്കാന്‍ ഐബിഎസിനാകുന്നു. ഈ സഹകരണം ഇനിയും മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.