Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടി വ്യവസായത്തിന് കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷം മാറ്റാനാകും: മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം: വ്യവസായത്തിനും നിക്ഷേപത്തിനും അനുയോജ്യമായ അന്തരീക്ഷം കേരളം നല്‍കുന്നില്ലെന്ന ധാരണ തെറ്റാണെന്ന് സംസ്ഥാനത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ നിക്ഷേപകരോട് അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ടെക്നോളജി കമ്പനികളിലൊായ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജ്ഞാന സമ്പദ് വ്യവസ്ഥയും നവീന സമൂഹവുമായി സംസ്ഥാനം മാറിക്കൊണ്ടിരിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. സേവന, ഐടി വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമാകാന്‍ ഐടി വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രചോദനാത്മകമായ വിജയഗാഥകളിലൊന്നാണ് ഐബിഎസിന്‍റേത്. ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമായി ഐബിഎസ് ഉയര്‍ന്നുവരുന്നത് കേരളം എത്രത്തോളം നിക്ഷേപ സൗഹൃദമാണെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. പുതിയ സംരംഭകര്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന സ്ഥലമാകാന്‍ കേരളത്തിനാകും. തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം മികച്ച പ്രകടനം കാഴ്ചവച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കേവലം 300 ല്‍ നിന്ന് 3900 ആയി വര്‍ധിച്ചു. ഇന്‍കുബേറ്ററുകളും ആക്സിലറേറ്ററുകളും സ്ഥാപിച്ചും ഗ്രാന്‍റുകളും സീഡ് ഫണ്ടിംഗും നല്‍കിയും കോര്‍പ്പസ് ഫണ്ട് സ്ഥാപിച്ചും ഈ മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ കേരളത്തിനായി.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കേരളത്തില്‍ നിക്ഷേപം നടത്തിയതിന് ഐബിഎസ് സ്ഥാപകന്‍ വി കെ മാത്യൂസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വളരെ കുറച്ച് കമ്പനികള്‍ മാത്രം കടന്നുചെല്ലാന്‍ ശ്രമിച്ചിട്ടുള്ള ഒരു മേഖലയില്‍ മികവിന് പേരുകേട്ട സ്ഥാപനമായി ഉയര്‍ന്നുവരാന്‍ ഐബിഎസിനായി. അനുഭവപരിചയമില്ലാത്ത 55 ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 3,500-ലധികം ജീവനക്കാരുമായി ആഗോളതലത്തിലേക്ക് വളര്‍ന്നു. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ എയര്‍ലൈനുകള്‍, ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍, പ്രശസ്ത ഹോട്ടല്‍ ശൃംഖലകള്‍, പ്രമുഖ ക്രൂയിസ് ലൈനുകള്‍, മുന്‍നിര എണ്ണ-വാതക കമ്പനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്ന കമ്പനിയാണ്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ഈ സര്‍ക്കാരിന്‍റെ കാലത്ത് 63 ലക്ഷം ചതുരശ്ര അടി ഐടി മേഖല അധികമായി നിര്‍മ്മിക്കാനും 67,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഐടി മേഖലയില്‍ പ്രാതിനിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളം മീഡിയം സ്കൂളുകളില്‍ പഠിച്ചവരും ദിവസ വേതനക്കാരുടെ വീടുകളില്‍ നിന്നുള്ളവരുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐബിഎസ് സോഫ്റ്റ് വെയറിന് അഞ്ച് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുണ്ടെന്നും അവയാണ് യാത്രാ വ്യവസായത്തിന്‍റെ 30-35 പ്രധാന പ്രവര്‍ത്തനമേഖലകളെ ശക്തിപ്പെടുത്തുന്നതെന്നും ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. മേഖല കേന്ദ്രീകരിച്ചുള്ള സമീപനവും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതുമുള്‍പ്പെടെ നിരവധി ഘടകങ്ങളിലാണ് കമ്പനിയുടെ വിജയം. ബിസിനസ് നേട്ടത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രവും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനും അവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതും പ്രധാനമാണ്. സമഗ്രതയും പരസ്പര ബഹുമാനവും നിലനിര്‍ത്തിവരുന്ന മൂല്യങ്ങളും സംസ്കാരവും കമ്പനിയുടെ വിജയഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം

ബ്ലാക്ക്സ്റ്റോണിന്‍റെ ഇന്ത്യയിലെ സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ മുകേഷ് മേത്ത, സ്വിറ്റ്സര്‍ലന്‍ഡിലെ ബോയ്ഡന്‍റെ മാനേജിംഗ് പാര്‍ട്ണറും ഐബിഎസ് സോഫ്റ്റ് വെയര്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായ അര്‍മിന്‍ മെയര്‍, ലുഫ്താന്‍സ കാര്‍ഗോ സിഐഒ ഡോ.ഗോട്ടല്‍മാന്‍, ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ആഗോള ഉപഭോക്താക്കള്‍, ബിസിനസ് നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

Maintained By : Studio3