പുതിയ സിറ്റിയുടെ എല്‍എച്ച്ഡി വേര്‍ഷന്‍ കയറ്റുമതി ആരംഭിച്ചു
പിപാവാവ്, എണ്ണൂര്‍ തുറമുഖങ്ങളില്‍നിന്ന് മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ആദ്യ ബാച്ച് കയറ്റുമതി
ന്യൂഡെല്‍ഹി: ഇന്ത്യയില്‍നിന്ന് അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ എല്‍എച്ച്ഡി (ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്) വേര്‍ഷന്‍ കയറ്റുമതി ആരംഭിച്ചു. ഗുജറാത്തിലെ പിപാവാവ്, തമിഴ്‌നാട്ടിലെ എണ്ണൂര്‍ തുറമുഖങ്ങളില്‍നിന്ന് മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ആദ്യ ബാച്ച് കയറ്റുമതി.
പുതിയ ഹോണ്ട സിറ്റിയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കും 2020 ഒക്‌റ്റോബര്‍ മുതല്‍ നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തുവരുന്നു. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ ഡബ്ല്യുആര്‍ വി, അമേസ്, നാലാം തലമുറ സിറ്റി എന്നീ മോഡലുകള്‍ എസ്എഡിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവയാണ്.
ഇന്ത്യയിലെ ബിസിനസ് ശക്തിപ്പെടുത്തുന്നതിന് പുതിയ വിപണികളിലേക്കുള്ള കയറ്റുമതി സഹായിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗക്കു നകാനിശി പറഞ്ഞു. ആര്‍എച്ച്ഡി, എല്‍എച്ച്ഡി വേര്‍ഷനുകള്‍ നിര്‍മിക്കുന്നതിന് ടപ്പൂക്കാരയില്‍ ലോകോത്തര ഉല്‍പ്പാദന കേന്ദ്രം സജ്ജീകരിക്കുന്നതിന് നിക്ഷേപം നടത്തിയിരുന്നതായി അദ്ദേഹം പ്രസ്താവിച്ചു. ഇതുവഴി ആഭ്യന്തര, അന്താരാഷ്ട്ര ആവശ്യകത നിറവേറ്റാന്‍ കഴിയും. ഇന്ത്യയിലെപ്പോലെ ആഗോള വിപണികളിലും അഞ്ചാം തലമുറ സിറ്റി വിജയം കൈവരിക്കുമെന്ന് ഗക്കു നകാനിശി പ്രതീക്ഷ പ്രകടിപ്പിച്ചു.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് പുതിയ ഹോണ്ട സിറ്റി സെഡാന്‍ വിപണിയിലെത്തിയത്. 1.5 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 98 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുമായും ഘടിപ്പിച്ചത്. കൂടാതെ, പെട്രോള്‍ വകഭേദത്തിന് സിവിടി ലഭ്യമാണ്.