സിബി പൈതൃകം പേറി ഹോണ്ട സിബി 350 ആര്‍എസ്
1 min readഡെല്‍ഹി എക്‌സ് ഷോറൂം വില 1.96 ലക്ഷം രൂപ
ഹോണ്ട സിബി 350 ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.96 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റേഡിയന്റ് റെഡ് മെറ്റാലിക് എന്ന സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനിലും ബ്ലാക്ക്, പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ എന്ന ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലും മോട്ടോര്‍സൈക്കിള്‍ ലഭിക്കും. മാര്‍ച്ച് ആദ്യ വാരത്തില്‍ പുതിയ മോഡല്‍ രാജ്യത്തെ വിവിധ ബിഗ്‌വിംഗ് ഷോറൂമുകളിലെത്തും. ബുക്കിംഗ് ആരംഭിച്ചു.
ഈയിടെ വിപണിയില്‍ അവതരിപ്പിച്ച ഹോണ്ട ഹൈനസ് സിബി 350 മോട്ടോര്‍സൈക്കിളിന്റെ പിന്തുടര്‍ച്ചക്കാരനാണ് പുതിയ മോഡേണ്‍ ക്ലാസിക് മോഡല്‍. അതേ മോട്ടോര്‍സൈക്കിളിന്റെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി. ഹോണ്ടയുടെ ‘സിബി’ പൈതൃകം പുതിയ മോട്ടോര്‍സൈക്കിളിന് ലഭിച്ചു. ആര്‍എസ് എന്നാല്‍ റോഡ് സെയ്‌ലിംഗ് എന്നാണ് ജാപ്പനീസ് കമ്പനി ഉദ്ദേശിക്കുന്നത്. ദീര്‍ഘദൂര സവാരികള്‍ക്ക് ഹോണ്ട സിബി 350 ആര്‍എസ് ഉപയോഗിക്കാം.
വൃത്താകൃതിയില്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി സ്റ്റാന്‍സ് എന്നിവയാണ് ഹോണ്ട സിബി 350 ആര്‍എസ് മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതകള്‍. കുറേക്കൂടി സ്‌പോര്‍ട്ടിയായ ഡിസൈന്‍, അല്‍പ്പം ചേര്‍ന്നിരിക്കുന്ന സീറ്റിംഗ് പൊസിഷന്‍, പിറകിലേക്കായി സ്ഥാപിച്ച ഫൂട്ട്‌പെഗുകള്‍ എന്നിവ ലഭിച്ചു.
ഹോണ്ട ഹൈനസ് സിബി 350 മോട്ടോര്‍സൈക്കിളില്‍ കണ്ടതുപോലെ സിംഗിള്‍ പീസ് യൂണിറ്റാണ് ഹാന്‍ഡില്‍ബാര്‍. ‘ടക്ക് ആന്‍ഡ് റോള്‍’ സീറ്റ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ് സഹിതം പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ ഭാഗം, അടിയില്‍ ബാഷ് പ്ലേറ്റ്, വീതിയേറിയ ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍ എന്നിവ ലഭിച്ചു. പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡുവല്‍ ചാനല്‍ എബിഎസ്, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) എന്നീ ഫീച്ചറുകള്‍ ഹൈനസ് സിബി 350 മോട്ടോര്‍സൈക്കിളില്‍ നല്‍കിയതുതന്നെയാണ്.
ഹോണ്ട ഹൈനസ് സിബി 350 ഉപയോഗിക്കുന്ന അതേ 348 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബി 350 ആര്‍എസ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 20.8 ബിഎച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി അതേ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. കൂടാതെ, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ലഭിച്ചു. 300-350 സിസി സെഗ്‌മെന്റിലെ മറ്റ് മോഡേണ്‍ ക്ലാസിക് ബൈക്കുകളായ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350, ക്ലാസിക് 350, ജാവ ഫോര്‍ട്ടി ടു, ബെനെല്ലി ഇംപിരിയാലെ 400 എന്നിവയാണ് എതിരാളികള്‍.