പുതിയ റൗണ്ട് ഫണ്ടിംഗ് ഹീറോ ഇലക്ട്രിക് 220 കോടി രൂപ സമാഹരിച്ചു
ജിഐഐ, ഓക്‌സ് എന്നിവയാണ് പുതുതായി നിക്ഷേപം നടത്തിയത്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് പുതുതായി സീരീസ് ബി ഫണ്ടിംഗ് വഴി 220 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ജിഐഐ (ഗള്‍ഫ് ഇസ്‌ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ്), ഓക്‌സ് എന്നിവയാണ് പുതുതായി നിക്ഷേപം നടത്തിയത്. ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഭാവി സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കുന്നതിനും ഇന്ത്യയിലും മറ്റ് വിപണികളിലും സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും വില്‍പ്പന ഇരട്ടിയാക്കുകയെന്നതും ലക്ഷ്യമാണ്. ഓരോ വര്‍ഷവും പത്ത് ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാനും കമ്പനി പദ്ധതിയിടുന്നു.
ആദ്യ റൗണ്ട് ഫണ്ടിംഗ് സ്വീകരിച്ചശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക് വാഹന വിപണി വലിയ മാറ്റങ്ങളിലൂടെ കടന്നുപോയതായി ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ഇവി വിപണിയുടെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യമായിരുന്നു നയങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ രണ്ട് മടങ്ങ് വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തോടെ പ്രതിവര്‍ഷം പത്ത് ലക്ഷം യൂണിറ്റ് വില്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നോ എമിഷന്‍ ലക്ഷ്യം കൈവരിക്കാനും സുസ്ഥിര ഭാവി സൃഷ്ടിക്കാനും ഹീറോ ഇലക്ട്രിക് വിഭാവനം ചെയ്യുന്നതായി നവീന്‍ മുഞ്ജാല്‍ പ്രസ്താവിച്ചു.
ഇലക്ട്രിക് വാഹന വിപണിയില്‍ 35 ശതമാനം വിപണി വിഹിതമുള്ളതായി ഹീറോ ഇലക്ട്രിക് അവകാശപ്പെടുന്നു. രാജ്യമെങ്ങും 3.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. ആഗോളതലത്തില്‍ ഇന്ത്യയെ ഇലക്ട്രിക് വാഹന ഹബ്ബായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവിച്ചു. റീട്ടെയ്ല്‍, ബി2ബി ഉപയോക്താക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടായി 15 ലധികം ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്.