ലൈവ്‌വയര്‍ ഇനി ഇലക്ട്രിക് ഉപബ്രാന്‍ഡ്
ഹാര്‍ലി ഡേവിഡ്‌സണ്‍ ഗ്രൂപ്പില്‍നിന്ന് ലൈവ്‌വയര്‍ നെയിംപ്ലേറ്റില്‍ ഇനി പൂര്‍ണ വൈദ്യുത മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തും
മില്‍വൗക്കീ: ‘ലൈവ്‌വയര്‍’ ഇനി ഓള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായിരിക്കുമെന്ന് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ എന്ന ഓള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിലവില്‍ ആഗോള വിപണികളില്‍ ലഭ്യമാണ്. പുതിയ തീരുമാനപ്രകാരം, ഹാര്‍ലി ഡേവിഡ്‌സണ്‍ ഗ്രൂപ്പില്‍നിന്ന് ലൈവ്‌വയര്‍ നെയിംപ്ലേറ്റില്‍ ഇനി പൂര്‍ണ വൈദ്യുത മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തും. ലൈവ്‌വയര്‍ ഉപബ്രാന്‍ഡില്‍നിന്നുള്ള ആദ്യ മോട്ടോര്‍സൈക്കിള്‍ ജൂലൈ എട്ടിന് ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹന വിപണിയില്‍ നേതൃപരമായ പങ്ക് വഹിക്കുകയാണ് ‘ദ ഹാര്‍ഡ്‌വെയര്‍ സ്ട്രാറ്റജി’യുടെ ആറ് തൂണുകളിലൊന്ന് എന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ചെയര്‍മാനും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ യോഹന്‍ സൈറ്റ്‌സ് പറഞ്ഞു. ഇതിനായി ലൈവ്‌വയര്‍ എന്ന ഓള്‍ ഇലക്ട്രിക് ബ്രാന്‍ഡ് അവതരിപ്പിക്കുകയാണ്. ഭാവിയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കായി ലൈവ്‌വയര്‍ സാങ്കേതികവിദ്യകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഹാര്‍ലിയുടെ എന്‍ജിനീയറിംഗ് വൈദഗ്ധ്യം, ഉല്‍പ്പാദനം, വിതരണ ശൃംഖലയിലെ അടിസ്ഥാനസൗകര്യം, ആഗോളതലത്തിലെ ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ലൈവ്‌വയര്‍ പ്രയോജനപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ലൈവ്‌വയര്‍ നിക്ഷേപം നടത്തും. ഹാര്‍ലി ഡേവിഡ്‌സണ്‍, ലൈവ്‌വയര്‍ ബ്രാന്‍ഡുകള്‍ തമ്മില്‍ സാങ്കേതികപരമായ മുന്നേറ്റങ്ങള്‍ പങ്കുവെയ്ക്കുന്നതിന് സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
നഗര വിപണികളിലായിരിക്കും ലൈവ്‌വയര്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വര്‍ച്വല്‍ ആസ്ഥാനമായിരിക്കും. കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലും ഹാര്‍ലിയുടെ ആസ്ഥാനമായ വിസ്‌കോണ്‍സിനിലെ മില്‍വൗക്കീയിലുമായിരിക്കും തുടക്കത്തിലെ കേന്ദ്രങ്ങള്‍. ലൈവ്‌വയറിനെ സ്വതന്ത്ര ബ്രാന്‍ഡായി അവതരിപ്പിക്കുന്നതിന് നിലവിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍മാരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഡിജിറ്റല്‍, ഫിസിക്കല്‍ മാര്‍ഗങ്ങളിലൂടെ വില്‍പ്പന നടത്തും.
ആദ്യ ലൈവ്‌വയര്‍ ഷോറൂം കാലിഫോര്‍ണിയയില്‍ സ്ഥാപിക്കുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് യുഎസിലെ മറ്റ് സ്ഥലങ്ങളിലും ഷോറൂം ആരംഭിക്കും. ലൈവ്‌വയര്‍ ബ്രാന്‍ഡ് മറ്റ് വിപണികളില്‍ അവതരിപ്പിക്കുന്ന കാര്യം തല്‍ക്കാലം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് വിപണികളില്‍ ലൈവ്‌വയര്‍ ബ്രാന്‍ഡ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.