പകുതി റിയല്‍മി ഉല്‍പ്പന്നങ്ങള്‍ 5ജി ആയിരിക്കും
ഇന്ത്യയില്‍ പുതിയ സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന് റിയല്‍മി നേതൃത്വം നല്‍കുമെന്ന് അവകാശപ്പെടുന്നു
ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പകുതി റിയല്‍മി ഉല്‍പ്പന്നങ്ങള്‍ 5ജി റെഡി ആയിരിക്കും. റിയല്‍മി വൈസ് പ്രസിഡന്റും റിയല്‍മി ഇന്ത്യ ആന്‍ഡ് യൂറോപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാധവ് ഷേട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20,000 രൂപയ്ക്കുമുകളില്‍ വില വരുന്ന എല്ലാ റിയല്‍മി ഉല്‍പ്പന്നങ്ങളും 5ജി ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 20,000 രൂപയ്ക്കുതാഴെയുള്ള സെഗ്‌മെന്റിലെ ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും പുതിയ 5ജി പ്രൊസസറുകള്‍ നല്‍കും. ലോകമെങ്ങും 5ജി ഇപ്പോള്‍ പ്രവണതയായി മാറുകയാണ്. ഇന്ത്യയില്‍ ‘5ജി പോപ്പുലറൈസര്‍’ ആവുകയാണ് റിയല്‍മിയുടെ ലക്ഷ്യം.
ഇന്ത്യയില്‍ പുതിയ സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന് റിയല്‍മി നേതൃത്വം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പവര്‍ മാനേജ്‌മെന്റ്, ഡിസ്‌പ്ലേ ഓപ്റ്റിമൈസേഷന്‍, കാമറ സപ്പോര്‍ട്ട്, ഗെയിമിംഗ് പെര്‍ഫോമന്‍സ് എന്നീ കാര്യങ്ങളില്‍ മികച്ച ശേഷി പുറത്തെടുക്കുന്നതായിരിക്കും ഏറ്റവും പുതിയ പ്രൊസസര്‍ എന്ന് മാധവ് ഷേട്ട് അവകാശപ്പെട്ടു. ഇരട്ട 5ജി ഡൈമന്‍സിറ്റി പ്രൊസസറുകള്‍ നല്‍കിയ റിയല്‍മി എക്‌സ്7 5ജി സീരീസ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മറ്റ് പ്രൈസ് സെഗ്‌മെന്റുകളിലും 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്ന് മാധവ് ഷേട്ട് അറിയിച്ചു.
ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരുമെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഇതിനകം 5ജി റെഡി ഡിവൈസുകള്‍ വിപണിയില്‍ അവതരിപ്പിച്ചുതുടങ്ങി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021 ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പത്ത് ശതമാനത്തോളം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി ഷിപ്‌മെന്റ് പത്തിരട്ടി വളര്‍ച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതായത് 30 മില്യണ്‍ യൂണിറ്റ്. 2022 അവസാനത്തിലോ 2023 തുടക്കത്തിലോ ആയിരിക്കും ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് പ്രാബല്യത്തിലാകുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന 5ജി ഡിവൈസിന് 20,999 രൂപയാണ് വില.