മാര്‍ച്ചിലെ ജിഎസ്ടി സമാഹരണം 1.23 ലക്ഷം കോടിക്ക് മുകളില്‍
1 min readചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം കൂടുതലാണ്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ജിഎസ്ടി വരുമാന ശേഖരണം മാര്‍ച്ചില്‍ 1.23 ലക്ഷം കോടി രൂപയിലെത്തി.
ജിഎസ്ടി സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണമാണ് ഇത്. ‘കഴിഞ്ഞ അഞ്ച് മാസ കാലയളവിലെ ജിഎസ്ടി വരുമാനം വീണ്ടെടുക്കുന്ന പ്രവണതയ്ക്ക് അനുസൃതമായി, 2021 മാര്‍ച്ച് മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 27 ശതമാനം കൂടുതലാണ്, ‘ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ സ്രോതസ്സുകളില്‍ നിന്നു ലഭിച്ച വരുമാനത്തേക്കാള്‍ 17 ശതമാനം കൂടുതലാണ്. മാര്‍ച്ച് മാസത്തില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 123,902 കോടി രൂപയാണ്, അതില്‍ സിജിഎസ്ടി 22,973 കോടി രൂപ, എസ്ജിഎസ്ടി 29,329 കോടി രൂപ, ഐജിഎസ്ടി 62,842 കോടി രൂപ, സെസ് 8,757 കോടി രൂപ .
ഐജിഎസ്ടിയില്‍ നിന്ന് സിജിഎസ്ടിക്ക് 21,879 കോടി രൂപയും എസ്ജിഎസ്ടിക്ക് 17,230 കോടി രൂപയും സ്ഥിരമായി സെറ്റില്‍മെന്‍റായി ലഭിക്കും. കൂടാതെ, കേന്ദ്രവും സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ തമ്മിലും ഉള്ള 50:50 അനുപാതത്തില്‍ ഐജിഎസ്ടി അഡ്ഹോക് സെറ്റില്‍മെന്‍റായി കേന്ദ്രം 28,000 കോടി രൂപയും നിശ്ചയിച്ചിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ സ്ഥിരവും താല്ക്കാലികവുമായ സെറ്റില്‍മെന്‍റുകള്‍ക്ക് ശേഷം കേന്ദ്രത്തിന്‍റെ മൊത്തം ജിഎസ്ടി വരുമാനം 58,852 കോടി രൂപയും സംസ്ഥാനങ്ങളുടെ മൊത്തം ജിഎസ്ടി വരുമാനം 60,559 കോടി രൂപയുമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരുഹാരമായി 30,000 കോടി രൂപയുടെ വിതരണവും മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു.
ജിഎസ്ടി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ യഥാക്രമം (-) 41 ശതമാനം, (-) 8 ശതമാനം, 8 ശതമാനം, 14 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക് പ്രകടമാക്കിയത്. ജിഎസ്ടി വരുമാനവും സമ്പദ്വ്യവസ്ഥയും മൊത്തത്തില്‍ വീണ്ടെടുക്കുന്ന പ്രവണതയെ വ്യക്തമായി സൂചിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
തുടര്‍ച്ചയായി 6 മാസങ്ങളിലായി ജിഎസ്ടി സമാഹരണം 1 ലക്ഷം കോടിക്ക് മുകളിലാണ്. ശക്തമായ നിരീക്ഷണവും പരിശോധനയും കൂടുതല്‍ പേരേ നികുതിക്ക് വിധേയരാകാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.