സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വായ്പാ രംഗത്ത് വളര്‍ച്ച
1 min read2020 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പാ വളര്‍ച്ചാ സൂചിക 114 പോയിന്‍റ്
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ വായ്പകള്‍ വര്‍ധിച്ചതായി ട്രാന്‍സ്യൂണിയന്‍ സിബിലും കേന്ദ്ര പദ്ധതി നിര്‍വഹണ- സ്റ്റാസ്റ്റിക്കല്‍ മന്ത്രാലയവും സഹകരിച്ചു പുറത്തിറക്കിയ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക ചൂണ്ടിക്കാട്ടുന്നു.
2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തെ വളര്‍ച്ചാ സൂചിക 114 പോയിന്‍റിലാണെന്നും ശക്തി സൂചിക 89 പോയിന്‍റിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്‍റെ ആഘാതങ്ങളില്‍ നിന്നു തിരിച്ചു വരാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പകളില്‍ ഗണ്യമായി വര്‍ധന പ്രകടമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യ സമയത്തുള്ള നയപരമായ ഇടപെടലുകള്‍ ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലുമുള്ള നേട്ടങ്ങളാണ് സൃഷ്ടിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്റ്ററും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ സംരംഭങ്ങള്‍ക്കുള്ള വായ്പ വര്‍ധിപ്പിക്കുന്നതില്‍ പൊതു മേഖലാ ബാങ്കുകളാണ് തുടക്കത്തില്‍ നീക്കങ്ങള്‍ നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടികളെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ലോക്ക്ഡൗണുകള്‍ക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൊറോണയ്ക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ വരും മാസങ്ങളില്‍ വായ്പാ ആവശ്യകത ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് കോവിഡ് 19ന്‍റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്ന മേഖലകളിലൊന്നാണ് എംഎസ്എംഇ. വരുമാനത്തിലുണ്ടായ നഷ്ടവും പ്രവര്‍ത്തനം മുടങ്ങിയതുമെല്ലാം പുതിയ വായ്പകള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് സംരംഭങ്ങളെ പിന്‍വലിച്ചിരുന്നു.