ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ : വരുന്നു, ഡിഎഫ്‌ഐയും ഡിജിറ്റല്‍ കറന്‍സിയും
1 min readഅടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് ലഭ്യമാക്കാന്‍ പുതിയ സ്ഥാപനം
ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്ലും അവതരിപ്പിക്കും
ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ മാനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ വികസനപ്രക്രിയയുടെ നട്ടെല്ലായ അടിസ്ഥാനസൗകര്യമേഖലയിലെ പദ്ധതികള്‍ക്ക് കൃത്യമായ ഫണ്ട് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായുള്ള ബില്‍ ബജറ്റ് സെഷനില്‍ തന്നെ അവതരിപ്പിക്കും. ഡെവലപ്‌മെന്റല്‍ ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ അഥവാ ഡിഎഫ്‌ഐ എന്ന പേരിലാകും സ്ഥാപനം വരിക.
ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഇന്ത്യ തയാറെടുക്കുകയാണ്. ദ ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 ഉം അവതരിപ്പിക്കും. അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി സമഗ്രമായ ഫണ്ടിംഗ് ഉറപ്പാക്കുകയാണ് ഡിഎഫ്‌ഐയിലൂടെ പദ്ധതിയിടുന്നത്.
രാജ്യത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ നിക്ഷേപം അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇക്കണോമിക് സര്‍വേയും ചൂണ്ടിക്കാട്ടിയിരുന്നു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൈപ്പ്‌ലൈന്‍ ഏകദേശം 111 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ 2020-2025 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ നടപ്പാക്കാനാണ് വിഭാവനം ചെയ്തത്. ഇതിന് വളരെയധികം ഗുണകരമാകുന്നത് സര്‍ക്കാരിന്റെ പുതിയ സംരംഭം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ക്രിപ്‌റ്റോകറന്‍സി ബില്‍ കൊണ്ടുവരുന്നത്. ഡിജിറ്റല്‍ കറന്‍സി രംഗത്ത് വിപ്ലവാത്മകമായ മാറ്റത്തിന് ഇത് വഴിവെച്ചേക്കും.