സര്‍ക്കാര്‍ അനുബന്ധ ഇടപാടുകള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ക്കും അനുമതി
നികുതിയും മറ്റ് റവന്യൂ പേയ്മെന്‍റ് സൗകര്യങ്ങളും പെന്‍ഷന്‍ പേയ്മെന്‍റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും സര്‍ക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകളില്‍ ഉള്‍പ്പെടുന്നു.
ന്യൂഡെല്‍ഹി: നികുതി, പെന്‍ഷന്‍ പേമെന്‍റുകള്‍ പോലുള്ള സര്‍ക്കാര്‍ അനുബന്ധ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ എല്ലാ സ്വകാര്യ മേഖല ബാങ്കുകളെയും അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അനുബന്ധ ഇടപാടുകള്‍ നിര്‍വഹിക്കുന്നതിന് സ്വകാര്യ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി അവര്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാരിന്‍റെ സാമൂഹ്യമേഖലയിലെ സംരംഭങ്ങളുടെ നടപ്പാക്കല്‍, ഉപഭോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തില്‍ തുല്യ പങ്കാളികളാകാന്‍ ഇപ്പോള്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കഴിയുമെന്ന് ധനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് പുറമെ സ്വകാര്യമേഖലയിലെ തെരഞ്ഞെടുത്ത ചില ബാങ്കുകള്‍ക്ക് മാത്രമേ സര്‍ക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ അനുമതിയുള്ളൂ. വിലക്ക് നീക്കിയതോടെ സര്‍ക്കാര്‍ ഏജന്‍സി ബിസിനസ്സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ബിസിനസുകളുടെ ഇടപാടുകള്‍ നിര്‍വഹിക്കാന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് റിസര്‍വ് ബാങ്കിന് യാതൊരു തടസ്സവുമില്ല.
നികുതിയും മറ്റ് റവന്യൂ പേയ്മെന്‍റ് സൗകര്യങ്ങളും പെന്‍ഷന്‍ പേയ്മെന്‍റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും സര്‍ക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകളില്‍ ഉള്‍പ്പെടുന്നു. ഈ നടപടി ഉപഭോക്തൃ സൗകര്യം, വിപണി മത്സരം, ഉപഭോക്തൃ സേവനങ്ങളുടെ നിലവാരം എന്നിവ എന്നിവ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം പറയുന്നു. സര്‍ക്കാര്‍ ബിസിനസുകള്‍ക്കായി സ്വകാര്യ ബാങ്കുകള്‍ നിയോഗിക്കുന്നതിനുള്ള രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ധനമന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്വകാര്യ വായ്പാദാതാക്കളെ ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്ര ബാങ്കിന്‍റെ ഏജന്‍റുമാര്‍ എന്ന നിലയിലാണ് നിയോഗിക്കേണ്ടതെന്ന് 2012ല്‍ റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടിരുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുമെന്ന് നിര്‍മല സീതാരാമന്‍ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വ്യവഹാരങ്ങളില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന നടപടി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യവത്കരണത്തിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.