ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യന്‍ ബിസിനസിനെ ബിക്രം സിംഗ് ബേദി നയിക്കും
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബിക്രം സിംഗ് ബേദി ഇന്ത്യയിലെ തങ്ങളുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കുമെന്ന് ഗൂഗിള്‍ ക്ലൗഡ് അറിയിച്ചു. കരണ്‍ ബജ്വയ്ക്ക് പിന്‍ഗാമിയായാണ് ബേദി എത്തുന്നത്.
ഏഷ്യാ പസഫിക്കിന്റെ പുതിയ നേതാവായി ബജ്വയ്ക്ക് ഇതിനകം സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. കൂടാതെ, ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്ഫോം (ജിസിപി), ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ് എന്നിവയുള്‍പ്പെടെ ഗൂഗിള്‍ ക്ലൗഡിന്റെ എല്ലാ വരുമാന, ഗോ ടു മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.
ഓണ്‍ലൈന്‍ പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമായ ഗ്രോഫേഴ്‌സില്‍ നിന്നീണ് ഗൂഗിള്‍ ക്ലൗഡിലേക്ക് ബേദി എത്തുന്നത്. സ്ട്രാറ്റജി, ന്യൂ ഇനിഷേറ്റിവ്‌സ് എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ള പ്രസിഡന്റ് ആയാണ് അദ്ദേഹം ഗ്രോഫേര്‍സില്‍ പ്രവര്‍ത്തിച്ചിരുന്നത്. ”2021 ലെ യഥാര്‍ത്ഥ പരീക്ഷണം, ആധുനികവത്കരണത്തിനും വളര്‍ച്ചയുടെ തോത് വര്‍ധിപ്പിക്കാനും സംരംഭങ്ങള്‍ എങ്ങനെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ്. ഭാവിയിലേക്ക് ശക്തമായ അടിത്തറ പണിയുന്നതിനായി ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നതില്‍ ഗൂഗിള്‍ ക്ലൗഡ് പ്രതിജ്ഞാബദ്ധമാണ്,” ബേദി പ്രസ്താവനയില്‍ പറഞ്ഞു.
ഗ്രോഫേഴ്‌സിന് മുമ്പ്, ഇന്ത്യയില്‍ എഡബ്ല്യുഎസ് ബിസിനസ്സ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയ ബേദി ആറുവര്‍ഷം അവിടെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവര്‍ത്തനങ്ങളെ നയിച്ചു. ഐ.ബി.എം, ഒറാക്കിള്‍ എന്നിവിടങ്ങളിലും വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
‘ഇന്ത്യ ബിസിനസിനെ നയിക്കാന്‍ ബേദിയെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിജയകരമായ എന്റര്‍പ്രൈസ് ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹത്തിന് ഉണ്ട്. അടുത്ത ഘട്ട വളര്‍ച്ചയില്‍ ഞങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവം ടീമിന് ഒരു വലിയ സ്വത്താകും,’ ഗൂഗിള്‍ ക്ലൗഡിന്റെ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് കരണ്‍ ബജ്വ പറഞ്ഞു.