Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആപല്‍ഘട്ടങ്ങളില്‍ തുണയാകാന്‍ സ്വര്‍ണ്ണം

1 min read
മര്‍സ്ബാന്‍ ഇറാനി
സിഐഒ ഡെറ്റ്, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എഎംസി
പണ നയ സമിതിയുടെ 2024 ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍  ചൂണ്ടിക്കാട്ടിയത് ശക്തമായ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളാണ്. ഇടക്കാലത്ത്  വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുകയുണ്ടായി. ഓഹരി വിപണിയുടെ നില ഭദ്രമായിരിക്കുമെന്നാണ് ഈ കാഴ്ചപ്പാടുകളില്‍ നിന്നു വ്യക്തമാവുന്നത്. ഭാവിയില്‍ പലിശ നിരക്കില്‍ ഉണ്ടാകാവുന്ന കുറവ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുകയേ ഉള്ളു. കാര്യങ്ങള്‍ ഗുണപരമാണെങ്കിലും, ആഗോള പ്രതിസന്ധികള്‍ അന്തരീക്ഷത്തിലുണ്ട്.  ഇപ്പോഴും തുടരുന്ന റഷ്യ- യുക്രെയിന്‍ യുദ്ധം, ഇറാന്‍ ഈയിടെ നടത്തിയ ആക്രമണങ്ങള്‍, തായ്‌വാന്റെ  കാര്യത്തില്‍ ചൈന പ്രകടിപ്പിക്കുന്ന വര്‍ധിതമായ താല്‍പര്യം ,ഇവയെല്ലാം വിപണിയുടെ ഭദ്രതയ്ക്കു ഭീഷണി തന്നെയാണ്. ഇത്തരം അസ്ഥിരതാ ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വയം ചോദിക്കേണ്ട നിര്‍ണായകമായൊരു ചോദ്യമുണ്ട്. ഈ ആഗോള അപകട സാധ്യതകള്‍ക്കിടയില്‍ , അവയില്‍ നിന്നു രക്ഷ നേടുന്നതിന് എവിടെയാണ് ആസ്തികള്‍ നിക്ഷേപിക്കേണ്ടത് എന്നതാണത്. സ്വര്‍ണത്തില്‍ എന്നാണ് ഉത്തരം. അസ്ഥിരതയുടെ ഘട്ടങ്ങളില്‍ ഉള്‍പ്പടെ സുരക്ഷിത ആസ്തിയായി പരിഗണിക്കപ്പെടുന്നത് സ്വര്‍ണ്ണമാണ്. ആഗോള സംഘര്‍ഷങ്ങള്‍ പ്രവചനാതീതമായിത്തീര്‍ന്ന ഇക്കാലത്ത്, പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണത്തില്‍ സ്വര്‍ണത്തിനുള്ള സ്ഥാനം നിര്‍ണായകമാണ്. ആഗോള സംഘര്‍ഷങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക മാത്രമല്ല, വിലക്കയറ്റത്തിന്റെ ഘട്ടങ്ങളില്‍ മൂല്യം നഷ്ടപ്പെടാതെ കാക്കുകയും ചെയ്യുന്നു. വിലക്കയറ്റ നിരക്ക് കുറയുമെന്നു കണക്കാക്കുമ്പോഴും അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ഏതു സമയവും വിലക്കയറ്റം കുതിക്കാനിടയാക്കി യേക്കാം. ഇത്തരം ഘട്ടങ്ങളില്‍ രക്ഷാകവചം തീര്‍ക്കാന്‍ സ്വര്‍ണ്ണത്തിനു കഴിയും. എങ്ങനെയൊക്കെയാണ് സ്വര്‍ണ്ണത്തില്‍ നിക്ഷേപം സാധ്യമാവുക എന്നാണ് ചുവടെ വിശദീകരിക്കുന്നത്. 
 
1. സ്വര്‍ണ്ണാഭരണങ്ങള്‍ 
പരമ്പരാഗതവും പുരാതനവുമായ സ്വര്‍ണ്ണ സംഭരണ രീതികളിലൊന്നാണ് ആഭരണം. പലര്‍ക്കും അത് ഗൃഹാതുരമൂല്യം ഉണര്‍ത്തുമ്പോഴും രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  നിക്ഷേപം എന്ന നിലയിലും വിശേഷാവസരങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ആഭരണം എന്ന നിലയിലും. എന്നാല്‍ ഈ രീതിക്ക് വെല്ലുവിളികളും ഉണ്ട്.  അറിയപ്പെടുന്ന ബ്രാന്റില്‍ നിന്നല്ലാതെ വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ കഴിയില്ല. ഇവയുടെ സൂക്ഷിപ്പും പ്രശ്‌നം തന്നെയാണ്. പ്രത്യേകിച്ച ആഭരണങ്ങള്‍ ഉപയോഗിക്കാതിരിക്കുന്ന ഘട്ടങ്ങളില്‍. സ്വര്‍ണ്ണം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നതിന് പണച്ചിലവുണ്ട്.  ഇതിനു പുറമേ കൂടിയ തോതിലുള്ള പണിക്കൂലിയും നിക്ഷേപം എന്ന നിലയിലുള്ള ലാഭം കുറയാന്‍ ഇടയാക്കുന്നു.  
 
2. സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണക്കട്ടിയും
സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിന് കൂടുതല്‍ നേരായ വഴി സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണക്കട്ടികളുമാണ്. ആഭരണങ്ങളുമായി തുലനം ചെയ്യുമ്പോള്‍ നാണയങ്ങളും സ്വര്‍ണ്ണക്കട്ടിയും ഉയര്‍ന്ന പരിശുദ്ധി ഉള്ളവയായിരിക്കുമെന്നത് അവയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നു. ദീര്‍ഘകാലത്തേക്കു സൂക്ഷിക്കുന്നതിനും ആഘോഷ വേളകളില്‍ സമ്മാനമായി നല്‍കുന്നതിനുമാണ് പലപ്പോഴും ഇവ ഉപയോഗിക്കുക. എന്നാല്‍, ആഭരണങ്ങള്‍ പോലെ ഇവയുടെ സൂക്ഷിപ്പ് ഒരു പ്രശ്‌നം തന്നെയാണ്. നിക്ഷേപകര്‍ ബാങ്ക് ലോക്കറുകളെയോ സേഫുകളെയോ ആശ്രയിക്കേണ്ടി വരുന്നു. 
 
3. ഗോള്‍ഡ് ഇടിഎഫുകള്‍ 
ഡിജിറ്റല്‍ സ്വര്‍ണ്ണം നവീനവും സൂക്ഷിപ്പിന് ഏറ്റവും സൗകര്യപ്രദവുമാണ്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ലഭ്യമാവുന്ന ഡിജിറ്റല്‍ ഗോള്‍ഡിന് പുതു തലമുറ നിക്ഷേപകര്‍ക്കിടയില്‍ പ്രിയം കൂടുതലാണ്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച്്-ട്രേഡഡ് ഫണ്ട്‌സ് (ETF)  സ്വര്‍ണ്ണം സൂക്ഷിക്കാതെ തന്നെ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ്. ഗോള്‍ഡ് ഇടിഫുകള്‍ ഓഹരികള്‍ പോലെ സ്റ്റോക് എക്‌സേഞ്ചുകളില്‍ ട്രേഡ് ചെയ്യപ്പെടുകയും നിക്ഷേപകര്‍ക്കു യൂണിറ്റുകളായി ഡിമാറ്റ് അക്കൗണ്ടുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനും കഴിയും. സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വില നിലവാരമനുസരിച്ച്  ട്രേഡ് ചെയ്യപ്പെടുന്ന ഇവയുടെ കൈമാറ്റം കൂടുതല്‍ സുതാര്യവും എളുപ്പവുമാണ്. നിക്ഷേപകര്‍ക്ക് ദിവസം മുഴുവനും ഗോള്‍ഡ് ഇടിഎഫുകളുടെ ട്രേഡിംഗ് നടത്താം എന്നത്  ട്രേഡിംഗില്‍ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യുന്ന സമയത്തില്‍് കൂടുതല്‍ നിയന്ത്രണവും അനുവദിക്കുന്നു. ഇടിഎഫുകളുടെ ഒരു പ്രധാന സൗകര്യം എല്ലാം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ചോ സംഭരണത്തെക്കുറിച്ചോ നിക്ഷേപകന്‍ ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല എന്നതാണ്.   
 
4. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ 
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും പ്രവര്‍ത്തിക്കുന്നത്  ഇടിഎഫുകളെപ്പോലെയാണെങ്കിലും ഡിമാറ്റ് അക്കൗണ്ടുകളുടെ ആവശ്യമില്ല. ഈ ഫണ്ടുകള്‍ സ്വര്‍ണ്ണ ഇടിഎഫുകളില്‍ നിക്ഷേപിക്കുകയോ നേരിട്ടു സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുകയോ ആണ് ചെയ്യുന്നത്. ആസ്തിയുടെ മൊത്തം മൂല്യ (NAV) ത്തിനനുസരിച്ച് നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ വാങ്ങാം. സ്വര്‍ണ്ണത്തിന് വില കൂടുന്നതനുസരിച്ച് ഈ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യവും വര്‍ധിക്കുന്നു. ചെലവു കുറഞ്ഞ നിക്ഷേപത്തിന് സാധ്യമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എസ്‌ഐപികളിലൂടെ , ചെറിയ തുകകള്‍ സ്ഥിരമായി നിക്ഷേപിച്ച്  ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി കരുതി വെക്കാനും കഴിയും. പരിശുദ്ധി, സൂക്ഷിപ്പ്, പണമാക്കിമാറ്റാവുന്ന സ്ഥിതി എന്നീ കാര്യങ്ങളില്‍ ആശങ്ക വേണ്ട എന്നതാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളുടെ മറ്റൊരു പ്രത്യേകത. നേരത്തേ ജന പ്രിയമായിരുന്ന, പ്രതിവര്‍ഷം 2.5 ശതമാനം പലിശ നല്‍കിയിരുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (SGB ) ഇപ്പോള്‍ നിലവിലില്ല. പലിശ ലഭിക്കുമെന്നതിനാല്‍ വളരെ ആകര്‍ഷകമായിരുന്ന ഈ ബോണ്ടുകള്‍ കാലഹരണപ്പെട്ടതിനാല്‍ നിക്ഷേപകര്‍ മറ്റു മാര്‍ഗങ്ങളിലേക്കു തിരിയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍, പോര്‍ട്‌ഫോളിയോയുടെ ഒരു ഭാഗം സ്വര്‍ണ്ണത്തിനായി നീക്കി വെക്കുന്നത് കൂടുതല്‍ ആവശ്യമായ സുരക്ഷിതത്വവും അപകടങ്ങള്‍ നേരിടാനുള്ള പ്രാപ്തിയും നല്‍കും. സ്വര്‍ണ്ണാഭരണങ്ങള്‍, നാണയം തുടങ്ങിയ പരമ്പാരാഗത മാര്‍ഗങ്ങളായാലും ആധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോ ഇടിഎഫുകളോ ആയാലും മൂല്യമേറിയ ഈ ആസ്തി കൈകാര്യം ചെയ്യാന്‍ അനേകം മാര്‍ഗങ്ങളുണ്ട്.  നന്നായി വൈവിധ്യവല്‍ക്കരിക്കപ്പെട്ട പോര്‍ട്‌ഫോളിയോയുടെ അവിഭാജ്യ ഘടകമാണ് സ്വര്‍ണ്ണം. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കും ആഗോള വെല്ലുവിളികള്‍ക്കുമെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ സ്വര്‍ണ്ണത്തിനു കഴിയും. സ്വര്‍ണ്ണം നിക്ഷേപ തന്ത്രത്തിന്റെ ഭാഗമാക്കുന്നതിനു മുമ്പ് നിക്ഷേപകര്‍ അവരുടെ വ്്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌കെടുക്കാനുള്ള പ്രാപ്തിയും സശ്രദ്ധം വിലയിരുത്തേണ്ടതുണ്ട്.  
 
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ വായിച്ചു മനസിലാക്കുക.
  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെല്‍ വര്‍ക്കലയില്‍
Maintained By : Studio3