സ്വര്‍ണ വിലയിലെ വീഴ്ച എന്‍ബിഎഫ്സി-കള്‍ക്ക് ആശങ്കയല്ല: ക്രിസില്‍
1 min readബാങ്കുകളുടെ കാര്യത്തില്‍ കണ്ടറിയണമെന്നും വിലയിരുത്തല്‍
മുംബൈ: കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന ഇടിവ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) സ്വര്‍ണ ഈടിന്‍മേലുള്ള വായ്പയുടെ ആസ്തി നിലവാരത്തെ കാര്യമായി ബാധിക്കില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലായി കൃത്യമായി പലിശ ശേഖരിക്കുന്നതിനു പുറമേ, വിതരണ വായ്പ-മൂല്യം (എല്‍ടിവി) 75 ശതമാനത്തില്‍ താഴെയാണെന്ന് ഉറപ്പുവരുത്താനും എന്‍ബിഎഫ്സികള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി.
30 ദിവസത്തെ റോളിംഗ് അടിസ്ഥാനത്തില്‍ നോക്കിയാല്‍, കഴിഞ്ഞ ആറ് മാസത്തിനിടെ സ്വര്‍ണ്ണ വില 10 ശതമാനം ഇടിഞ്ഞു. യഥാര്‍ത്ഥ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 20 ശതമാനത്തോളമാണ് വിലയിലുണ്ടായ ഇടിവ്. 2020 ഡിസംബര്‍ 31ലെ കണക്കുപ്രകാരം ശരാശരി പോര്‍ട്ട്ഫോളിയോ എല്‍ടിവി 63-67 ശതമാനം ആയിരുന്നു. ഇന്‍ക്രിമെന്‍റ് ഡിസ്ബേഴ്സ്മെന്‍റ് എല്‍ടിവി ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 70 ശതമാനം ആയിരുന്നു. വായ്പാ പുസ്തകത്തിന്‍റെ വെറും 2-4 ശതമാനം മാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലഭ്യമാകാതെ അവശേഷിച്ചിട്ടുള്ള പലിശ.
എന്നിരുന്നാലും, ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഇന്‍ക്രിമെന്‍റ് ഡിസ്ബേഴ്സ്മെന്‍റ് എല്‍ടിവി 78-82 ശതമാനമായി ഉയര്‍ന്നു. അവരുടെ വായ്പാ ബുക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ വില കുതിച്ചുയരുന്ന സമയത്ത് വലിയ വളര്‍ച്ച പ്രകടമായി. മറ്റ് വിഭാഗങ്ങളിലെ വായ്പകള്‍ നല്‍കുന്നതിനെ ആസ്തിഗുണനിലവാര ആശങ്കകള്‍ ബാധിച്ചുവെങ്കിലും 2020 ജൂണ്‍ മുതല്‍, സ്വര്‍ണ ഈടിന്‍ മേലുള്ള വായ്പകള്‍ വര്‍ധിച്ചു.
2021 ഫെബ്രുവരി വരെയുള്ള 11 മാസങ്ങളില്‍ ബാങ്കുകളുടെ സ്വര്‍ണ ഈടിന്‍മേലുള്ള വായ്പ 70 ശതമാനം വര്‍ധിച്ച് 56,000 കോടി രൂപയായി. 2020 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രഖ്യാപിച്ച 90 ശതമാനം (ബാങ്കുകള്‍ക്ക് മാത്രം) എല്‍ടിവി ഇളവ് ഈ വളര്‍ച്ചയ്ക്ക് കാരണമായി. ഈ ഇളവിന്‍റെ കാലാവധി തീരുന്നതോടെ സ്വര്‍ണ വായ്പകളില്‍ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.