2020 ഐഎന്‍ആര്‍സി ഏഴാം കിരീടം നേടി ഗൗരവ് ഗില്‍
2020 സീസണില്‍ ഒരു റൗണ്ട് ശേഷിക്കേയാണ് ഗൗരവ് ഗില്ലിന്റെ കിരീട നേട്ടം
കോയമ്പത്തൂര്‍: 2020 ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) ഗൗരവ് ഗില്‍, മൂസ ഷെരീഫ് സഖ്യം കരസ്ഥമാക്കി. കോയമ്പത്തൂരില്‍ നടന്ന റാലി വിജയിച്ചതോടെയാണിത്. അര്‍ജുന അവാര്‍ഡ് ജേതാവായ ഗൗരവ് ഗില്ലിന്റെ ഏഴാം കിരീടനേട്ടമാണിത്. 2020 സീസണിലെ തുടര്‍ച്ചയായ മൂന്നാം റാലി വിജയമാണ് കോയമ്പത്തൂരില്‍ ഗൗരവ് ഗില്‍ നേടിയത്. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ നടന്ന ആദ്യ രണ്ട് റൗണ്ടുകളിലും ഗൗരവ് ഗില്‍ തന്നെയാണ് വിജയിച്ചത്.
2020 സീസണില്‍ ഒരു റൗണ്ട് ശേഷിക്കേയാണ് ഗൗരവ് ഗില്ലിന്റെ കിരീട നേട്ടം. റാലി സ്‌പെക് മഹീന്ദ്ര എക്‌സ് യുവി 300 കാറാണ് ഗൗരവ് ഗില്‍ ഉപയോഗിച്ചത്. ചരല്‍ പ്രതലത്തിലാണ് കോയമ്പത്തൂര്‍ റാലി നടന്നത്.
തുടര്‍ച്ചയായ മൂന്ന് റാലികള്‍ വിജയിക്കുകയും അതുവഴി ഏഴാം തവണ ദേശീയ ചാമ്പ്യനാവുകയും ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഗൗരവ് ഗില്‍ പ്രതികരിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി ആറ് ഘട്ടങ്ങളിലായാണ് മൂന്നാം റൗണ്ട് നടന്നത്.
ആകെ 58 മിനിറ്റും 41 സെക്കന്‍ഡുമെടുത്താണ് ഗൗരവ് ഗില്‍, മൂസ ഷെരീഫ് സഖ്യം കോയമ്പത്തൂര്‍ റാലി വിജയിച്ചത്. ആകെയുള്ള ആറ് ഘട്ടങ്ങളില്‍ നാലിലും ജെകെ ടയര്‍ ഡ്രൈവര്‍മാര്‍ക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞു. റാലി സ്‌പെക് ഫോക്‌സ് വാഗണ്‍ പോളോ ഉപയോഗിച്ച എംആര്‍എഫ് ഡ്രൈവര്‍മാരായ ബിക്കി ബാബു, ബോണി തോമസ് സഖ്യം രണ്ടാമതായി ഫിനിഷ് ചെയ്തു. ഒരു മണിക്കൂര്‍ 19 സെക്കന്‍ഡാണ് കുറിച്ച സമയം. ഫാബിദ് അഹ്മറും സഹ ഡ്രൈവര്‍ എല്‍ദോ ചാക്കോയും മൂന്നാമതെത്തി.