Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭക്ഷ്യസംസ്‌കരണമേഖലയില്‍ വന്‍വളര്‍ച്ചാ സാദ്ധ്യതകള്‍

1 min read

PM inaugurates the second edition of the Mega food event ‘World Food India 2023’ at Bharat Mandapam, in Pragati Maidan, New Delhi on November 03, 2023.

ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണമേഖല ലോകത്തിലെ തന്നെ ഏറ്റവും വലുതും, വിപുലവുമാണ്. 2025-26 ആകുമ്പോഴേക്കും 535 ബില്യണ്‍ യു.എസ്. ഡോളറിന്റെ ഉല്‍പാദനലക്ഷ്യമാണ് ഈ മേഖല കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും, പള്‍സസിന്റെയും, പാലിന്റെയും ഉല്‍പാദനത്തില്‍ ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ചായയുടെയും കരിമ്പിന്റെയും ഉല്‍പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഭക്ഷ്യസംസ്‌കരണവ്യവസായ  മേഖലയില്‍ കേരളത്തില്‍ വലിയ സാധ്യതകളാണുള്ളത്. പിഎംഎഫ്എംഇ പദ്ധതിപ്രകാരമുള്ള സാങ്കേതിക, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വ്യവസായ ഡയറക്ടറേറ്റ് വഴിയും, കേരളാ ബ്യുറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍സ് വഴിയും, ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്. കിന്‍ഫ്രയുടെ കീഴില്‍ അഞ്ചോളം ഫുഡ് പാര്‍ക്കുകളും, പാലക്കാട് ജില്ലയില്‍ ഒരു മെഗാ ഫുഡ് പാര്‍ക്കും, ഇടുക്കി ജില്ലയില്‍ സ്പൈസസ് പാര്‍ക്കും പ്രവര്‍ത്തനസജ്ജമാണ്. സ്റ്റാര്‍ട്ട്-ആപ്പ് മിഷന്‍ വഴി കാര്‍ഷിക-ഭക്ഷ്യോല്‍പ്പന്ന മേഖലയിലെ നവസംരംഭങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള തീവ്രശ്രമങ്ങളും നടക്കുന്നു

— എം.കെ.ആര്‍.

‘വേള്‍ഡ് ഫുഡ് ഇന്ത്യ 2023’ എന്ന മെഗാ ഫുഡ് ഇവന്റിന്റെ രണ്ടാം പതിപ്പ് നവംബര്‍ ആദ്യവാരം ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇന്ത്യയെ ‘ലോകത്തിന്റെ ഭക്ഷണക്കൂട’ ആയി അവതരിപ്പിക്കാനും, 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു വേള്‍ഡ് ഫുഡ് ഇന്ത്യ 2023 പരിപാടി. സാങ്കേതികവിദ്യയുടെയും രുചിയുടെയും സംയോജനം ഭാവിയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വഴിയൊരുക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറയുകയുണ്ടായി. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 50,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടതായും പ്രധാനമന്ത്രി അറിയിച്ചു. അഗ്രി-ഇന്‍ഫ്രാ ഫണ്ടിന് കീഴില്‍ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 50,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ആയിരക്കണക്കിന് കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ പങ്ക് 13 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി വര്‍ധിച്ചു. ഇന്ന്, 50,000 ദശലക്ഷം ഡോളര്‍ കയറ്റുമതി മൂല്യവുമായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതിയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ വളര്‍ച്ച കാണിക്കാത്ത ഒരു മേഖലയുമില്ലെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം, ഭക്ഷ്യ സംസ്‌കരണ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് സുവര്‍ണാവസരമാണെന്നും ചൂണ്ടിക്കാട്ടി.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

കാര്‍ഷിക-കയറ്റുമതി നയം രൂപീകരിക്കല്‍, രാജ്യവ്യാപകമായി ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യ വികസനം, ജില്ലകളെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന നൂറിലധികം ജില്ലാതല ഹബുകള്‍ സൃഷ്ടിക്കല്‍, രണ്ടില്‍ നിന്ന് 20ലേക്ക് വളര്‍ന്ന മെഗാ ഫുഡ് പാര്‍ക്കുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് എന്നിവ ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ ശേഷി 12 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 200 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുന്നതിന് സഹായിച്ചു. ഇന്ത്യയിലെ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പാക്കേജുചെയ്ത ഭക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയിലേക്ക് ശ്രദ്ധക്ഷണിച്ചു. കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഇത് ഇനിയും കണ്ടെത്താത്ത അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.

ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായമേഖല

ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണമേഖല ലോകത്തിലെ തന്നെ ഏറ്റവും വലുതും, വിപുലവുമാണ്. 2025-26 ആകുമ്പോഴേക്കും 535 ബില്യണ്‍ യു.എസ്. ഡോളറിന്റെ ഉല്‍പാദനലക്ഷ്യമാണ് ഈ മേഖല കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും, പള്‍സസിന്റെയും, പാലിന്റെയും ഉല്‍പാദനത്തില്‍ ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ചായയുടെയും കരിമ്പിന്റെയും ഉല്‍പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഭക്ഷ്യധാന്യങ്ങളുടെയും, പഴം പച്ചക്കറികളുടെയും ഉല്‍പാദനത്തിലും ഇന്ത്യയ്ക്ക് മികച്ച സ്ഥാനമാണുള്ളത്. മത്സ്യഉല്‍പാദനത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ശക്തിയാണ് ഇന്ത്യ. സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നാലാം സ്ഥാനം, കാപ്പി, ചെറുധാന്യങ്ങളുടെ കയറ്റുമതിയില്‍ നാലാം സ്ഥാനം, ഗോതമ്പിന്റെ ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനം, ഇങ്ങനെ നിരവധിയാണ് ഈ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍. വര്‍ഷാവര്‍ഷം 15.2 ശതമാനം വളര്‍ച്ചയാണ് ഈ മേഖല കൈവരിക്കുന്നത്. ഇരുപത് ലക്ഷത്തില്‍പരം ആളുകള്‍ക്ക് തൊഴിലവസരമൊരുക്കുന്നു (തൊഴില്‍ മേഖലയുടെ 12.32%). അസംഘടിത ഭക്ഷ്യസംസ്‌കരണമേഖല ഏകദേശം അന്‍പതുലക്ഷത്തില്‍പരം ആളുകള്‍ക്ക് ജീവനോപാധിയേകുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

ധാന്യങ്ങള്‍, പഞ്ചസാര, ഭക്ഷ്യയോഗ്യമായ എണ്ണ ഉല്‍പന്നങ്ങള്‍, ചായ, കാപ്പി തുടങ്ങിയ ബിവറേജസ്, ക്ഷീരോല്‍പന്നങ്ങള്‍, പഴം-പച്ചക്കറി, ഇറച്ചിക്കോഴി-മാംസസംസ്‌കരണം, മത്സ്യവ്യവസായം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ചില്ലറവ്യാപാരം എന്നിങ്ങനെ നീളുന്നതാണ് ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായമേഖലയുടെ വൈവിധ്യം. ചോക്കലേറ്റും മറ്റു കോക്കോ ഉല്‍പന്നങ്ങളും, മധുരപലഹാരങ്ങള്‍, മിനറല്‍ വാട്ടര്‍, സോയാ ഉല്‍പന്നങ്ങള്‍, തോട്ടം ഉല്‍പന്നങ്ങള്‍, നാണ്യവിളകള്‍ എന്നിങ്ങിനെ ഉല്‍പ്പന്നനിര നീളുന്നു. നിലവില്‍ 322 ബില്യണ്‍ യു.എസ്. ഡോളറിന്റെതാണ് ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായമേഖലയുടെ വലുപ്പം. 2025 ആകുമ്പോഴേക്കും 221 ബില്യണ്‍ യു.എസ്. ഡോളറിന്റെ അധിക വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസരങ്ങളുടെ വലിപ്പവും ഇതിനൊപ്പം വളരും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ഉല്‍പാദനം, ഉപഭോഗം, കയറ്റുമതി, വളര്‍ച്ചാ സാധ്യതകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വ്യവസായ മേഖലയാണ് ഭക്ഷ്യസംസ്‌കരണ വ്യവസായം. പ്രധാനമന്ത്രി പറഞ്ഞതുപോലെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ 50,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10.4 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്.

2030ല്‍ ഇന്ത്യയിലെ മൊത്തം ഗാര്‍ഹിക ചിലവിടല്‍ ആറു ട്രില്യണ്‍ യു.എസ്. ഡോളറിന്റെതായിരിക്കും എന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ഭക്ഷ്യോല്‍പന്ന ഉപഭോഗമായിരിക്കും എന്ന് നിസംശയം പറയാം. ഇങ്ങിനെ അവസരങ്ങളുടെ ഒരു വലിയ വര്‍ദ്ധനയായിരിക്കും ഈ മേഖലയില്‍ ഉണ്ടാവുക എന്ന് മനസ്സിലാക്കികൊണ്ടാണ് സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെ ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടില്‍ ഈ സെക്ടറില്‍ അനുവദനീയമാണ്. പ്രാദേശിക, ദേശിയ, അന്തര്‍ദേശിയ വിപണികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വലിയൊരു വികസനമാണ് ഈ രംഗത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ‘ഒരു ജില്ല – ഒരു ഉല്‍പ്പന്നം’ എന്ന നിലയില്‍ എല്ലാ സംസ്ഥനങ്ങളെയും ഈ വളര്‍ച്ചയില്‍ ഭാഗഭാക്കാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പിഎംഎഫ്എംഇ പദ്ധതി പ്രകാരം 2025 ആകുമ്പോഴേക്കും രണ്ടു ലക്ഷം സൂക്ഷ്മസംരംഭങ്ങളെ ഈ മേഖലയില്‍ ശക്തിപ്പെടുത്തിയെടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി വായ്പ ബന്ധിത ധനസഹായം എന്ന നിലയില്‍ പതിനായിരം കോടി ലഭ്യമാക്കാനും ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ദേശിയ ഉല്‍പാദന നയത്തില്‍ ഭക്ഷ്യസംസ്‌കരണമേഖലയെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട മേഖലയായി അടയാളപ്പെടുത്തിയിരിക്കുന്നതും ഈ ഉദ്ദേശ്യത്തോടെയാണ്.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

കേരളത്തിനും വലിയ സാധ്യതകള്‍

ഭക്ഷ്യസംസ്‌കരണമേഖലയില്‍ കേരളത്തിനും നിര്‍ണ്ണായകസ്ഥാനമാണുള്ളത്. ഇന്ത്യയുടെ ‘സ്പൈസ് ഗാര്‍ഡന്‍’ എന്നും, കേരസമൃദ്ധിയുടെ നാട് എന്നും അറിയപ്പെടുന്ന കേരളം കുരുമുളക്, ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, കാപ്പി തുടങ്ങിയ ബീവറേജുകള്‍, കശുവണ്ടി, നാളികേരം, കോക്കോവ, അടയ്ക്ക, മരച്ചീനി, ചക്ക, പൈനാപ്പിള്‍, നേന്ത്രക്കായ്, ജിഐ ടാഗുള്ള നെല്ലു വര്‍ഗ്ഗങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ തികച്ചും അതുല്യമായ അനവധി ഭക്ഷ്യഉല്‍പ്പന്നങ്ങളാല്‍ സമൃദ്ധമാണ്. ഈ രംഗത്തെ ഒരു ‘ലീഡര്‍ സ്റ്റേറ്റ്’ എന്ന പദവിയും കേരളത്തിനുണ്ട്. യൂറോപ്യന്‍ യൂണിയന്‍ സെര്‍ട്ടിഫിക്കേഷന്‍ ഉള്ള രാജ്യത്തെ എഴുപത്തിയഞ്ചു ശതമാനം സമുദ്രോല്‍പന്ന വ്യവസായ യൂണിറ്റുകളും കേരളത്തിലാണുള്ളത്.

ഏലം, ജാതിക്ക, വാനില എന്നിവയുടെ ഉല്‍പാദനത്തില്‍ രാജ്യത്ത് മുന്നിലുള്ള സംസ്ഥാനമാണ് കേരളം. കുരുമുളകിന്റെയും, കോക്കോവയുടെയും കാര്യത്തില്‍ രണ്ടാമത്തെ വലിയ ഉല്‍പാദകസംസ്ഥാനമാണ് കേരളം. ചക്കയുടെയും, മരച്ചീനിയുടെയും കാര്യത്തിലും കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കാപ്പിയുടെ കാര്യത്തിലും കേരളം രണ്ടാമത്തെ വലിയ ഉല്‍പ്പാദകരാണ്. നാളികേരത്തിന്റെ ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തും, തേയില ഉല്‍പ്പാദനത്തില്‍ നാലാം സ്ഥാനത്തും. ഇരുപത്തിനാലോളം ഭൗമസൂചികയുള്ള കാര്‍ഷിക-ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് കേരളത്തിലുള്ളത്. ശീതികരിച്ച മാംസഉല്‍പ്പന്നങ്ങള്‍, പ്രോസസ് ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഭക്ഷ്യസംസ്‌കരണവ്യവസായ മേഖലയില്‍ കേരളത്തില്‍ വലിയ സാധ്യതകളാണുള്ളത്. പിഎംഎഫ്എംഇ പദ്ധതിപ്രകാരമുള്ള സാങ്കേതിക, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വ്യവസായ ഡയറക്ടറേറ്റ് വഴിയും, കേരളാ ബ്യുറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍സ് വഴിയും, ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്. കിന്‍ഫ്രയുടെ കീഴില്‍ അഞ്ചോളം ഫുഡ് പാര്‍ക്കുകളും, പാലക്കാട് ജില്ലയില്‍ ഒരു മെഗാ ഫുഡ് പാര്‍ക്കും, ഇടുക്കി ജില്ലയില്‍ സ്പൈസസ് പാര്‍ക്കും പ്രവര്‍ത്തനസജ്ജമാണ്. സ്റ്റാര്‍ട്ട്-ആപ്പ് മിഷന്‍ വഴി കാര്‍ഷിക-ഭക്ഷ്യോല്‍പ്പന്ന മേഖലയിലെ നവസംരംഭങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള തീവ്രശ്രമങ്ങളും നടക്കുന്നു.

Maintained By : Studio3