3 ബില്യണ്‍ ഡോളര്‍ സമാഹരണത്തിന് തയാറെടുത്ത് ഫ്ളിപ്കാര്‍ട്ട്
1 min readഅടുത്ത വര്‍ഷം ആസൂത്രണം ചെയ്ത പ്രാരംഭ പബ്ലിക് ഓഫറിംഗിന് മുമ്പായി അധിക മൂലധനം സമാഹരിക്കാനാണ് ഫ്ലിപ്കാര്‍ട്ട് പദ്ധതിയിടുന്നത്
ബെംഗളൂരു: വാള്‍മാര്‍ട്ട് ഇന്‍കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ട് 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനു പുറമേ നിരവധി സോവര്‍ജിന്‍ വെല്‍ത്ത് ഫണ്ടുകളും പുതിയ നിക്ഷേപ സമാഹരണ ഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. പുതിയ സമാഹരണത്തില്‍ ഏകദേശം 40 ബില്യണ്‍ ഡോളറിന്‍റെ മൂല്യനിര്‍ണ്ണയമാണ് ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.
സിംഗപ്പൂരിലെ ജിഐസി പ്രൈവറ്റ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ്, അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി എന്നിവയുമായി ചര്‍ച്ച നടത്തുകയാണെന്ന് കമ്പനി വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. വാള്‍മാര്‍ട്ടിന് ഓഹരി വില്‍ക്കുന്നതിന് മുമ്പ് ഫ്ളിപ്പ്കാര്‍ട്ടിനെ പിന്തുണച്ചിരുന്ന ജപ്പാനിലെ സോഫ്റ്റ്ബാങ്ക് പുതിയ ഫണ്ടിംഗ് ഘട്ടത്തിലൂടെ തിരിച്ചെത്താനും സാധ്യതയുണ്ട്. വിഷന്‍ ഫണ്ട് കക വഴി മൊത്തം 300 മില്യണ്‍ മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് സാധ്യത.
അടുത്ത വര്‍ഷം ആസൂത്രണം ചെയ്ത പ്രാരംഭ പബ്ലിക് ഓഫറിംഗിന് മുമ്പായി അധിക മൂലധനം സമാഹരിക്കാനാണ് ഫ്ലിപ്കാര്‍ട്ട് പദ്ധതിയിടുന്നത്. ഈ വര്‍ഷം നാലാം പാദത്തില്‍ തന്നെ കമ്പനി ഒരു ഐപിഒ ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ ഇന്ത്യയിലെ കൊറോണ വൈറസ് ബാധയുടെ രണ്ടാം വ്യാപനം പദ്ധതികള്‍ തകിടം മറിക്കുകയായിരുന്നു.
മഹാമാരിയുടെ വ്യക്തമായ ഗുണഭോക്താക്കളിലൊരാളായ ഇ-കൊമേഴ്സ് വിപണി കഴിഞ്ഞ 18 മാസമായി കുതിച്ചുയര്‍ന്നു. ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ടുമായി മത്സരിക്കുന്ന ആമസോണ്‍.കോം ഓഹരികള്‍ ആ കാലയളവില്‍ 70 ശതമാനത്തിലധികം വളര്‍ച്ചയോടെ 1.6 ട്രില്യണ്‍ ഡോളറിന്‍റെ വിപണി മൂല്യത്തിലേക്ക് എത്തി.
പലചരക്ക് പോലുള്ള വിഭാഗങ്ങളിലേക്ക് കൂടുതല്‍ ഇ-കൊമേഴ്സ് ഉപഭോക്താക്കള്‍ എത്തി. ഈ സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ വിതരണ ശൃംഖലയും സംഭരണ ശേഷിയും മെച്ചപ്പെടുത്തുന്നതിന് വിപുലമായ പദ്ധതികളാണ് ആമസോണും ഫ്ളിപ്കാര്‍ട്ടും വാഗ്ദാനം ചെയ്തിട്ടുള്ളത്. മഹാമാരിയുടെ കാലം കഴിഞ്ഞാലും ഉപയോക്താക്കളില്‍ വലിയൊരു പങ്ക് ഓണ്‍ലൈന്‍ വാങ്ങലില്‍ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.