September 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൂഗിള്‍, ഫേസ്ബുക്ക് ചട്ടംപാലിക്കല്‍ സുതാര്യതയിലേക്കുള്ള വലിയ ചുവട്: രവിശങ്കര്‍ പ്രസാദ്

5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും പ്രസിദ്ധീകരിക്കേണ്ടതുണ്ട്

ന്യൂഡെല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ക്ക് അനുസൃതമായി, ‘അനുചിതമായ’ പോസ്റ്റുകള്‍ സ്വമേധയാ നീക്കംചെയ്യുന്നത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന് ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര ഐടി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അഭിനന്ദനം. സുതാര്യതയിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്ന് മന്ത്രി ഇതിനെ വിശേഷിപ്പിച്ചു. “പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സുപ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച്, 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റുചെയ്ത ഉള്ളടക്കത്തിനെതിരെ ലഭിച്ച പരാതികളുടെ വിശദാംശങ്ങളും അവര്‍ സ്വീകരിച്ച നടപടികളും സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ രേഖകളില്‍ ഉള്‍പ്പെടുത്തണം.

മെയ് 15 മുതല്‍ ജൂണ്‍ 15 വരെ രാജ്യത്ത് 10 നിയമലംഘന വിഭാഗങ്ങളിലായി 30 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഈ കാലയളവില്‍ ഒമ്പത് വിഭാഗങ്ങളിലായി രണ്ട് ദശലക്ഷം ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുത്തുവ്െ ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്ഫോം ഇന്‍സ്റ്റാഗ്രാം അറിയിച്ചു.

മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടിയെടുത്തിട്ടുള്ള പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ കമ്മന്‍റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള മൊത്തെ ഉള്ളടക്കങ്ങളുടെ എണ്ണത്തെ ‘ആക്ഷന്‍ഡ്’ കണ്ടന്‍റ് എന്ന് സൂചിപ്പിക്കുന്നു.
പ്രാദേശിക നിയമങ്ങളോ വ്യക്തിഗത അവകാശങ്ങളോ ലംഘിച്ചുവെന്ന് ആരോപിച്ച് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനും അതിന്‍റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂട്യൂബിനും ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയിലെ വ്യക്തിഗത ഉപയോക്താക്കളില്‍ നിന്ന് 27,762 പരാതികള്‍ ലഭിച്ചു. ഇത് 59,350 ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ കാരണമായി. മൊക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ, 54,235 ഉള്ളടക്ക ഭാഗങ്ങള്‍ മുന്‍കൂട്ടി മോഡറേറ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു, ജൂണ്‍ മാസത്തില്‍ 5,502 പോസ്റ്റുകള്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച്, പ്രധാന സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍, പരാതി പരിഹാര ഉദ്യോഗസ്ഥന്‍ എന്നിവരെ നിയമിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ത്യയില്‍ തന്നെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം നിയമിക്കപ്പെടേണ്ടത്. ഫേസ്ബുക്ക് അടുത്തിടെ സ്പൂര്‍ത്തി പ്രിയയെ ഇന്ത്യയിലെ പരാതി ഉദ്യോഗസ്ഥയായി നിയമിച്ചു.

പുതിയ ഐടി ചട്ടങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ചില നടപടികളുടെ പേരിലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടുന്ന ട്വിറ്റര്‍ ഇതുവരെ ചട്ടംപാലിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അടുത്തിടെ ട്വിറ്ററിന്‍റെ ഇന്‍റര്‍മീഡിയറി പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. ഉപയോക്താക്കളുടെ ഉള്ളടക്കങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്നതില്‍ നിന്ന് പ്ലാറ്റ്ഫോമുകള്‍ക്ക് പരിരക്ഷ നല്‍കുന്ന പദവിയാണിത്. ട്വിറ്ററും ചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി ചീഫ് കംപ്ലയിന്‍സ് ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Maintained By : Studio3