കൊവിഡ് വാക്‌സിന്‍: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് ലേബല്‍ നല്‍കും
പുതിയ ടൂളുകള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: കൊവിഡ് വാക്‌സിനുകള്‍ ചര്‍ച്ച ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് ലേബലുകള്‍ നല്‍കും. ഇതുസംബന്ധിച്ച പുതിയ ടൂളുകള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അമ്പത് ദശലക്ഷം പേര്‍ക്ക് കൊവിഡ് 19 വാക്‌സിനുകള്‍ ലഭിക്കുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സക്കര്‍ബര്‍ഗിന്റെ പുതിയ തീരുമാനം. മാത്രമല്ല, കൊവിഡ് 19 വാക്‌സിനുകള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തും.
കൊവിഡ് 19 വാക്‌സിനുകളുടെ സുരക്ഷിതത്വം ചര്‍ച്ച ചെയ്യുന്ന പോസ്റ്റുകള്‍ക്കാണ് ലേബല്‍ ചേര്‍ക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. അതായത്, കൊവിഡ് 19 വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ചര്‍ച്ച ചെയ്യുന്ന പോസ്റ്റുകളാണ് പ്രോത്സാഹിപ്പിക്കുന്നത്.
വരും ആഴ്ച്ചകളില്‍, ആഗോളതലത്തില്‍ വാക്‌സിന്‍ സംബന്ധമായ എല്ലാ പോസ്റ്റുകള്‍ക്കും ഫേസ്ബുക്ക് ലേബല്‍ നല്‍കും. ജനങ്ങളെ ‘കൊവിഡ് ഇന്‍ഫര്‍മേഷന്‍ സെന്ററി’ലേക്ക് നയിക്കുന്നതായിരിക്കും ഇത്തരം ലേബലുകള്‍. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച ഉപവിഷയങ്ങള്‍ക്കും ലേബലുകള്‍ നല്‍കുന്നത് ഫേസ്ബുക്ക് ആലോചിക്കുകയാണ്.
എപ്പോള്‍, എവിടെ വാക്‌സിന്‍ ലഭിക്കും, അപ്പോയന്റ്‌മെന്റ് എടുക്കുന്നതിനുള്ള ലിങ്ക് എന്നിവ കാണിക്കുന്നതാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ച പുതിയ ടൂളുകളിലൊന്ന്. ന്യൂസ് ഫീഡിന്റെ വലതുവശത്ത് കാണുന്ന കൊവിഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിലായിരിക്കും പുതിയ ടൂള്‍ ലഭിക്കുന്നത്.
വാക്‌സിനേഷന്‍ അപ്പോയന്റ്‌മെന്റ് കണ്ടെത്തുന്നതിന് ജനങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി ഇതിനകം മനസ്സിലാക്കിയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇതിനകം രണ്ട് ബില്യണ്‍ ജനങ്ങള്‍ക്ക് കൊവിഡ് 19 സംബന്ധിച്ച ആധികാരിക വിവരം നല്‍കിയതായി ഫേസ്ബുക്ക് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിലും കൊവിഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അവതരിപ്പിക്കുമെന്ന് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു.