വെല്ലുവിളിയുടെ ഈ നാളുകളില്‍ എല്ലാവര്‍ക്കും അമ്മമനസ്സ് ഉണ്ടാകട്ടെ: കെകെ ശൈലജ
1 min readഅസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ 5000-ത്തിലേറെ അമ്മമാര്‍ പങ്കെടുത്തു
കൊച്ചി: അമ്മയാകാന്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്നേഹം പകര്‍ന്നുകൊടുക്കാന്‍ ആര്‍ക്കും കഴിയുമെന്നും സമൂഹത്തിലെ ദുര്‍ബലരായ ആളുകളെയും കുട്ടികളേയും സ്നേഹപൂര്‍വം സംരക്ഷിക്കുന്നതിലാണ് അമ്മമനസ്സുള്ളതെന്നും സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മാതൃദിനം പ്രമാണിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കാണിക്കുകയും ചെയ്യുമ്പോള്‍ അതും മാതൃസമാനമായ സ്നഹേമായിത്തന്നെ കരുതണം. ഇന്ന് ലോകജനത വലിയ പരിഗണന ആഗ്രഹിക്കുന്ന സമയമാണ്. മനുഷ്യരാശിയെ ആകെ വിറപ്പിച്ചുകൊണ്ട് പടര്‍ന്നു പിടിക്കുന്ന സാര്‍സ് കൊറോണാ വൈറസ് 2 പെട്ടെന്ന് പിന്‍വാങ്ങുന്ന ലക്ഷണം കാണുന്നില്ല. കേരളമാണ് ആദ്യമായി ബ്രേക്ക് ദ ചെയ്ന്‍ ആശയം മുന്നോടുവെച്ച് സോപ്പ്, മാസ്ക്ക്, സാമൂഹിക അകലം എന്ന മുദ്രാവാക്യം ജനങ്ങളിലേയ്ക്ക് എത്തിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കോവിഡിന്‍റെ രണ്ടാം വരവ് കൂടുതല്‍ ഗൗരവമുള്ളതാണ്. ജനിതക ഘടനയില്‍ മാറ്റം വന്ന വൈറസുകള്‍ കേരളത്തിലും പരക്കുന്നു. നമ്മള്‍ പോരാട്ടം നടത്തുകയാണ്. കോവിഡ് ബാധിതരായിട്ടുള്ള ആളുകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ട്. ശാരീരികമായി മാത്രമല്ല, ചിലര്‍ മാനസികമായും തകര്‍ന്നുപോകുന്നു. അതുകൊണ്ടാണ് കൗണ്‍സിലിംഗ് സെന്‍ററുകളും കോള്‍ സെന്‍ററുകളും ഒക്കെ സ്ഥാപിച്ചുകൊണ്ട് കോവിഡ് ബാധിതരെ വിളിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്.
ഇത്തരത്തില്‍ ഓരോ രോഗിയേയും വിളിച്ച് വിവരമറിയാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സ്നേഹപ്രകടനങ്ങളും ഈ സമയത്ത് ഏറെ ആശ്വാസമാണ്. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങള്‍ക്കും പ്രായം ചെന്ന മാതാപിതാക്കള്‍ക്കും വീട്ടിനകത്ത് മികച്ച അന്തരീക്ഷം ലഭ്യമാകണമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.