ജൂണ്‍ റിപ്പോര്‍ട്ട്: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ വരവ് 5000 കോടിക്ക് മുകളില്‍
1 min readപുതിയ നിക്ഷേപകരുടെ എണ്ണത്തില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കുത്തനെ ഉയരുന്നു
മുംബൈ: ഇക്വിറ്റി-ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ജൂണ്‍ മാസത്തില്‍ 5,000 കോടിയിലധികം അറ്റ വരവ് സ്വന്തമാക്കി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) വ്യാഴാഴ്ച നല്‍കിയ കണക്കനുസരിച്ച് അറ്റ വരവ് 5,988.17 കോടി രൂപയാണ്. മേയില്‍ അറ്റാദായം 10,000 കോടിയിലധികമായിരുന്നു. ഏപ്രിലില്‍ ഇത് 3,437 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ ഇക്വിറ്റി ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ മൊത്തം വരവ് 9,115.12 കോടി രൂപയായിരുന്നു.
സിസ്റ്റമാറ്റിക് നിക്ഷേപത്തിലൂടെയുള്ള വരവ് മുന്‍മാസത്തെ അപേക്ഷിച്ച് ജൂണില്‍ വര്‍ധിച്ചു. മേയ് അവസാനത്തോടെ റിപ്പോര്‍ട്ട് ചെയ്ത 8,818.90 കോടിയില്‍ നിന്ന് ജൂണ്‍ അവസാനത്തോടെ അത് 9,155.84 കോടി രൂപയായി.
പുതിയ നിക്ഷേപകരുടെ എണ്ണത്തില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കുത്തനെ ഉയരുകയാണെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് എന്‍.എസ്. വെങ്കിടേഷ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് ഇരട്ടിയായി വര്‍ധിച്ച് 2.39 കോടി യുണീക് നിക്ഷേപകരായി. നിരവധി പുതിയ നിക്ഷേപകര്‍ മറ്റ് പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകള്‍ സ്വീകരിക്കുന്നതായി കാണുന്നുവെന്നും വെങ്കിടേഷ് ചൂണ്ടിക്കാണിക്കുന്നു.
“എസ്ഐപി എയുഎം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ്, ഇപ്പോള്‍ മൊത്തം വ്യവസായ എയുഎമ്മുകളുടെ ഏകദേശം 15 ശതമാനമാണിത്. എസ്ഐപി എക്കൗണ്ടുകളുടെ എണ്ണം ആദ്യമായി 4 കോടി മാര്‍ക്ക് ലംഘിക്കുന്നു. ഇത് മ്യൂച്വല്‍ ഫണ്ട് അസറ്റ് ക്ലാസിലെ റീട്ടെയില്‍ നിക്ഷേപകരുടെ തുടര്‍ച്ചയായ ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.