October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യപാദ അറ്റാദായത്തില്‍ 12 ശതമാനം വളര്‍ച്ച

1 min read

കിട്ടാക്കടങ്ങളെ ഉദ്ദേശിച്ചുള്ള നീക്കിയിരുപ്പ് 31 ശതമാനമായി കുറഞ്ഞു

ദുബായ്: ദുബായിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ആദ്യ പാദ അറ്റാദായത്തില്‍ 12 ശതമാനം വര്‍ധന. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറിത്തുടങ്ങിയ സാഹചര്യത്തില്‍ കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരുപ്പും പ്രവര്‍ത്തനച്ചിലവുകളും കുറഞ്ഞതാണ് അറ്റാദായം വര്‍ധിപ്പിക്കാന്‍ എമിറേറ്റ്‌സ് എന്‍ബിഡിക്ക് തുണയായത്.

മാര്‍ച്ച് 31ന് അവസാനിച്ച കാലയളവില്‍ ഓഹരിയുടമള്‍ക്കായുള്ള അറ്റാദായം 2.32 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. കിട്ടാക്കടങ്ങള്‍ ലക്ഷ്യമാക്കിയുള്ള നീക്കിയിരുപ്പ് 31 ശതമാനം കുറഞ്ഞ്, 1.76 ബില്യണ്‍ ദിര്‍ഹമായി. പ്രവര്‍ത്തനച്ചിലവുകളും 9 ശതമാനം കുറഞ്ഞ് 1.86 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയതായി ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് സമര്‍പ്പിച്ച പ്രസ്താവനയില്‍ ബാങ്ക് അറിയിച്ചു. ആദ്യപാദത്തിലെ ശക്തമായ ഈ സാമ്പത്തിക പ്രകടനം ഭാവി വളര്‍ച്ചയ്ക്കായി ഡിജിറ്റല്‍ രംഗത്തും അന്താരാഷ്ട്ര ശൃംഖലകളിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരണ നല്‍കുന്നതായി എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഷെയിന്‍ നെല്‍സണ്‍ പറഞ്ഞു.

സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ശാഖകള്‍ ആരംഭിച്ചതും വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നതായി ഷെയിന്‍ നെല്‍സണ്‍ പറഞ്ഞു. മക്കയിലും മദീനയിലും ശാഖകള്‍ ആരംഭിക്കാന്‍ അനുമതി കരസ്ഥമാക്കുന്ന ആദ്യ വിദേശ ബാങ്കാണ് എമിറേറ്റ്‌സ് എന്‍ബിഡി. പുതിയ ശാഖലകള്‍ നിലവില്‍ വന്നതോടെ സൗദി അറേബ്യയില്‍ എന്‍ബിഡിയുടെ ശാഖകള്‍ ആറായി ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 695ബില്യണ്‍ ദിര്‍ഹമാണ് എന്‍ബിഡിയുടെ ആകെ ആസ്തി. അതേസമയം ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപം 1.55 ബില്യണ്‍ ദിര്‍ഹം കൂടി 379 ബില്യണ്‍ ദിര്‍ഹമായി. ആദ്യപാദത്തില്‍ ഉപഭോക്താക്കളുടെ വായ്പകള്‍ 5.5 ബില്യണ്‍ ദിര്‍ഹം ഇടിഞ്ഞ് 436 ബില്യണ്‍ ദിര്‍ഹമായി.

അതിവേഗത്തിലുള്ള വാക്‌സിന്‍ വിതരണമാണ് യുഎഇയുടെ സാമ്പത്തിക വീണ്ടെടുപ്പിന് ശക്തി പകരുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി അഭിപ്രായപ്പെട്ടു. ഓരോ നൂറാളുകളിലും 90 പേര്‍ക്ക് വാക്‌സിന്‍ എന്ന കണക്കിലുള്ള വാക്‌സിന്‍ വിതരണമാണ് യുഎഇയില്‍ നടക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്. കാര്യക്ഷമമായ വാക്‌സിന്‍ വിതരണം മൂലം മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഏറെ മുമ്പ് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ യുഎഇക്കായി. മാത്രമല്ല, പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി ഏതാണ്ട് 388 ബില്യണ്‍ ദിര്‍ഹത്തിന്റെ ഉത്തേജന പാക്കേജുകളാണ് യുഎഇ പ്രഖ്യാപിച്ചത്. ഇത്തരം സമാശ്വാസ നടപടികളിലൂടെ ഈ വര്‍ഷം യുഎഇയിലെ എണ്ണ ഇതര സമ്പദ് വ്യവസ്ഥ 3.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് എമിറേറ്റ്‌സ് എന്‍ബിഡി പ്രതീക്ഷിക്കുന്നത്.

2019ല്‍ റഷ്യയിലെ സബെര്‍ബാങ്കില്‍ നിന്നും ഡെനീസ് ബാങ്കിനെ ഏറ്റെടുത്ത തുര്‍ക്കിയില്‍ എമിറേറ്റ്‌സ് എന്‍ബിഡിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കൊറോണ പകര്‍ച്ചവ്യാധിയിലുള്ള വര്‍ധനന മൂലം രാജ്യത്തെ ടൂറിസം വിപണിക്കുണ്ടായ തിരിച്ചടിയാണ് അതിനു കാരണമെന്ന് ബാങ്ക് അറിയിച്ചു. എന്‍ബിഡിക്ക് സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും ഈ വര്‍ഷം മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ഷെയിന്‍ നെല്‍സണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം പൊതുവെ എല്ലാ രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയപ്പോള്‍ തുര്‍ക്കിയും ഈജിപ്തും മാത്രമാണ് വളര്‍ച്ച നിലനിര്‍ത്തിയത്. സൗദി സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷത്തെ 4.1 ശതമാനം സാമ്പത്തിക ചുരുക്കത്തിന് ശേഷം ഈ വര്‍ഷം 0.7 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നാണ് എന്‍ബിഡി കരുതുന്നത്. സൗദിയിലെ എണ്ണ ഇതര മേഖല 2021ല്‍ 4 ശതമാനം വളര്‍ച്ച നേടുമെന്നും ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.

Maintained By : Studio3