വിജ്ഞാപനം പുറപ്പെടുവിച്ചു : ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും
ഫെയിം 2 പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി
ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയില്‍ ഭേദഗതി വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത് ഉറപ്പാക്കുന്നതിനാണ് പദ്ധതി പരിഷ്‌കരിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി വര്‍ധിപ്പിച്ചു. ഇതോടെ ഇത്തരം വാഹനങ്ങളുടെ വില ഗണ്യമായി കുറയും. ഘന വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ട് ഔറിനും നല്‍കിവരുന്ന സബ്‌സിഡി 15,000 രൂപയായി വര്‍ധിപ്പിച്ചു. പഴയ സബ്‌സിഡി തുകയേക്കാള്‍ 5,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.
ഇതോടെ, വിലക്കുറവ് പ്രഖ്യാപിച്ച ആദ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി ബെംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി മാറി. ഏഥര്‍ 450എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ 14,500 രൂപയുടെ കുറവാണ് വരുത്തിയത്. ഏഥര്‍ 450 പ്ലസ് സ്‌കൂട്ടറിന്റെയും വില കുറയും. ഏഥര്‍ 450എക്‌സ് സ്‌കൂട്ടറുകള്‍ക്ക് ഇനി ഏകദേശം 1.35 ലക്ഷം രൂപയിലായിരിക്കും എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വില ഏഥര്‍ എനര്‍ജി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളും വിവിധ മോഡലുകളുടെ പുതിയ വില വൈകാതെ പ്രഖ്യാപിച്ചേക്കും.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിലയുടെ 40 ശതമാനം വരെ ആനുകൂല്യം ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ ഇലക്ട്രിക് ബസ്സുകളും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും സംഭരിക്കും. മൂന്ന് ലക്ഷം ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ സംഭരിക്കണമെന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിനാണ് (ഇഇഎസ്എല്‍) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മാത്രമല്ല, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, സൂരത് (സൂററ്റ്) അഹമ്മദാബാദ്, ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നീ ഒമ്പത് നഗരങ്ങളുടെ ഇലക്ട്രിക് ബസ് ഡിമാന്‍ഡ് കൈകാര്യം ചെയ്യുന്നത് ഇഇഎസ്എല്‍ ആയിരിക്കും.
രണ്ടാം ഘട്ട ഫെയിം പദ്ധതിയില്‍ (ഫെയിം 2) സബ്‌സിഡി നല്‍കുന്നതിന് പതിനായിരം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത്രയും തുകയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇരുചക്ര വാഹനങ്ങളാണ്. എന്നാല്‍ ഈ പദ്ധതി അനുസരിച്ച് അര്‍ഹരായ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും സബ്‌സിഡി ലഭിക്കുന്നത്. ഒരു തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റര്‍ സഞ്ചരിക്കുന്നതും മണിക്കൂറില്‍ 40 കിമീ ടോപ് സ്പീഡ് ഉള്ളതും 250 വാട്ട് അല്ലെങ്കില്‍ അതിനുമുകളില്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്.