ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു
1 min readന്യൂഡെല്‍ഹി: നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഭാവി ഗതിയെ സ്വാധീനിക്കുന്നതായി മാറിയേക്കാമെന്ന് വിദഗ്ധര്‍. മറ്റേതൊരു തെരഞ്ഞെടുപ്പിലെയും പോലെ, പൊതു അന്തരീക്ഷം ഇത്തവണ ചൂടേറിയതാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍.
മമത മത്സരിക്കുന്ന നന്ദിഗ്രാമില്‍ അവര്‍ക്കതിരെ ബിജെപി രംഗത്തിറക്കിയത് സ്വന്തം നാട്ടുകാരനും മുന്‍ ടിഎംസി നേതാവുമായിരുന്ന സുവേന്ദു അധികാരിയെയാണ്. മമത ഭരണകൂടത്തെ ദുരുപയോഗം ചെയ്യുകയാണെന്നും നുഴഞ്ഞു കയറ്റക്കാര്‍ അവര്‍ അവസരം ഒരുക്കുകയാണെന്നും അധികാരി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍ നടന്ന രാഷ്ട്രീയ അതിക്രമത്തിന് പിന്നില്‍ വിപുലമായ ഗൂഢലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘അവര്‍ ടിഎംസി പ്രവര്‍ത്തകരല്ല. ഒരു പ്രത്യേക സമുദായത്തിലെ കുറച്ചുപേരെ അക്രമത്തിന് പ്രേരിപ്പിച്ചു. അവര്‍ ഇത് ദിവസവും ചെയ്യുന്നു, ഇത് ഒരു പുതിയ കാര്യമല്ല- അധികാരി കൂട്ടിച്ചേര്‍ത്തു.
ആസാം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്ന് ബംഗാള്‍ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് തുടര്‍ച്ചയായ മൂന്നാം തവണ അധികാരം നേടുന്നതിനായി ശ്രമിക്കുന്നത്. ഇവിടെ തൃണമൂലിന് ശക്തമായ പ്രതിരോധം തീര്‍ത്ത് ബംഗാളില്‍ ഉയര്‍ന്നുവരുന്നത് ബിജെപിയാണ്. ടിഎംസിയുടെ ഒരു ഡസനിലധികം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇത് അസാധാരണമല്ല, കാരണം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നേതാക്കള്‍ പാര്‍ട്ടികള്‍ മാറുന്നത് ഒരു സാധാരണ കാണുന്ന കാഴ്ചയാണ്.
ആസാമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നുതന്നെയാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ പറയുന്നത്. എന്നാല്‍ ബിജെപിക്ക് ഏറ്റവും പ്രധാനം ഇന്ന് ബംഗാളാണെന്ന് വ്യക്തമാണ്. ആദ്യമായാണ് മമതക്കെതിരെ സംസ്ഥാനത്ത് കടുത്ത വെല്ലുവിളി ഉയരുന്നത്. അതിനനുസരിച്ച് അവര്‍ തന്ത്രങ്ങള്‍ മാറ്റി രംഗത്തിറങ്ങുന്നുമുണ്ട്. ഇക്കുറി അധികരം നിലനിര്‍ത്തണമെങ്കില്‍ ദീദിക്ക് കടുത്ത രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിച്ചേ മതിയാകു. അതിനിടെ സിപിഎമ്മിന്‍റെ വോട്ട് ദീദി അഭ്യര്‍ത്ഥിച്ചത് അവരുടെ ആത്മവിശ്വാസക്കുറവിന്‍റെ പ്രതിഫലനമായും വിലയിരുത്തപ്പെടുന്നു.