ഈജിപ്തിലെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർധനവ്
1 min read
തുടർച്ചയായ എട്ടാം മാസമാണ് കരുതൽ നാണ്യ ശേഖരത്തിൽ വർധനയുണ്ടാകുന്നത്
കെയ്റോ: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം വരവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈജിപ്തിലെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ തുടർച്ചയായ എട്ടാംമാസവും വർധനവ്. രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം ജനുവരിയിൽ 40.101 ബില്യൺ ഡോളറായി ഉയർന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഈജിപ്ത് അറിയിച്ചു. ഡിസംബർ അവസാനം 40.063 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരമാണ് രാജ്യത്തുണ്ടായിരുന്നത്.
പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലുണ്ടായ ഇടിവിന് ശേഷം ജൂൺ മുതലാണ് ഈജിപ്തിലെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർധന രേഖപ്പെടുത്തി തുടങ്ങിയത്. മാർച്ച് മുതൽ മേയ് വരെയുള്ള മൂന്ന് മാസങ്ങളിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 9.4 ബില്യൺ ഡോളറിന്റെ ഇടിവാണ് രാജ്യത്തുണ്ടായത്.
വിദേശത്ത് ജോലി ചെയ്യുന്ന് ഈജിപ്ത് പൌരന്മാർ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കാര്യമായ വർധനയാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. 2020ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ ഏതാണ്ട് 27.1 ബില്യൺ ഡോളർ പ്രവാസിപ്പണം രാജ്യത്തെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 11.9 ശതമാനം അധികമാണത്.