ഇ-കൊമേഴ്‌സ് : ഇന്ത്യ വിദേശ നിക്ഷേപ ചട്ടങ്ങള്‍ മാറ്റാന്‍ ഒരുങ്ങുന്നു
1 min readപ്രധാന വില്‍പ്പനക്കാരുമായുള്ള പങ്കാളിത്തം പുതുക്കിപ്പണിയുന്നതിന് ഇ-കൊമേഴ്‌സ് വമ്പന്‍മാരെ പ്രേരിപ്പിക്കുന്നതായിരിക്കും പുതിയ നടപടി
ന്യൂഡെല്‍ഹി: ഇ-കൊമേഴ്സിനായുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളും പരിശോധനകളും നടക്കുന്നുണ്ടെന്ന് വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ സെക്രട്ടറി യോഗേഷ് ബജ്വ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മുന്‍നിരക്കാരായ ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും തങ്ങളുടെ പ്രധാന വില്‍പ്പനക്കാരുമായുള്ള പങ്കാളിത്തം പുതുക്കിപ്പണിയുന്നതിന് പ്രേരിപ്പിക്കുന്നതായിരിക്കും പുതിയ നടപടിയെന്നാണ് സൂചന.
ഫെഡറല്‍ ചട്ടങ്ങള്‍ മറികടക്കാന്‍ സങ്കീര്‍ണ്ണമായ വില്‍പ്പന മാതൃകകള്‍ സൃഷ്ടിച്ചുവെന്ന് ആമസോണ്‍, വാള്‍മാര്‍ട്ട് ഇങ്ക് നിയന്ത്രിക്കുന്ന ഫ്‌ലിപ്കാര്‍ട്ട് എന്നിവക്കെതിരേ വര്‍ഷങ്ങളായി രാജ്യത്തെ ചെറുകിട വ്യാപാരികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. വാങ്ങുന്നവരെയും വില്‍പ്പനക്കാരെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു വിപണന കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ മാത്രമാണ് വിദേശ ഇ-കൊമേഴ്സ് കമ്പനികളെ ഇന്ത്യ അനുവദിക്കുന്നത്.
തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് വിദേശ ഇ-കൊമേഴ്സ് കമ്പനികളെ വിലക്കുന്ന തരത്തിലുള്ള നിയമ പരിഷ്‌കരണം 2018 ഡിസംബറില്‍ ഇന്ത്യ നടപ്പാക്കിയിരുന്നു. ഇപ്പോള്‍ ഇതില്‍ ഒരു നിബന്ധന കൂടി ചേര്‍ക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മാതൃകമ്പനിയിലൂടെ പരോക്ഷമായി തങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ വിലക്കുന്നതിനാണ് ആലോചന.