ദുബായിലെ പ്രോപ്പര്‍ട്ടി വിലകളില്‍ 2.5 ശതമാനം വര്‍ധന
1 min readഏഴ് വര്‍ഷത്തിനിടെ ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണിത്
ദുബായ്: ദുബായിലെ പ്രോപ്പര്‍ട്ടി വില ഏപ്രിലില്‍ 2.5 ശതമാനം കൂടി. 2014 മാര്‍ച്ചിന് ശേഷം ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണിത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മാന്ദ്യത്തില്‍ നിന്നും സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നുവെന്ന സൂചനയാണ് പ്രോപ്പര്‍ട്ടി വിലക്കയറ്റം നല്‍കുന്നതെന്ന് പ്രോപ്പര്‍ട്ടി മോണിറ്റര്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു.
ദുബായിലെ ശരാശരി പ്രോപ്പര്‍ട്ടി വില ചതുരശ്ര അടിക്ക് മാര്‍ച്ചിലെ 873 ദിര്‍ഹത്തില്‍ നിന്നും കഴിഞ്ഞ മാസം 895 ദിര്‍ഹമായി ഉയര്‍ന്നു. 2020 അവസാനത്തോടെ തന്നെ ദുബായില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് വിലക്കയറ്റം ആരംഭിച്ചിരുന്നു. ആറുമാസത്തിനിടെ എമിറേറ്റിലെ പ്രോപ്പര്‍ട്ടി വിലകളില്‍ 9.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും എല്ലാ വിഭാഗങ്ങളിലും ഈ ശക്തമായ പ്രകടനം ഒരുപോലെയായിരുന്നില്ലെന്നും ചില മേഖലകളില്‍ ഇപ്പോള്‍ വില വളരെ ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. വിലകളില്‍ ശക്തമായ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തിയ ചില മേഖലകളില്‍ ഇപ്പോള്‍ വിലവര്‍ധനയുടെ വേഗത കുറഞ്ഞിട്ടുണ്ട്. പ്രോപ്പര്‍ട്ടി വിലകളിലെ വീണ്ടെടുപ്പ് ദുബായിലുടനീളം കൂടുതല്‍ സ്ഥിരത കൈവരിച്ചതാണ് അതിന്റെ കാരണം.
സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട തകര്‍ച്ചയില്‍ നിന്നും സ്മ്പദ് വ്യവസ്ഥ കര കയറിത്തുടങ്ങിയ സാഹചര്യത്തില്‍ ഈ വര്‍ഷം യുഎഇയില്‍ മൊത്തം പ്രോപ്പര്‍ട്ടികളുടെ വില സ്ഥിരത കൈവരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. വിരമിച്ച പ്രവാസികള്‍ക്കുള്ള വിസ പദ്ധതി, പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയവ വിദേശികളെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്്. ഇവരുടെ വരവ് പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിക്ക് കരുത്ത് പകരും.
ഏപ്രിലില്‍ ദുബായില്‍ മൊത്തത്തില്‍ 4,879 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. വര്‍ഷാടിസ്ഥാനത്തില്‍ ഇടപാടുകളില്‍ 167.4 ശതമാനത്തിന്റെ വര്‍ധനയും മാസാടിസ്ഥാനത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. 10 മില്യണ്‍ ദിര്‍ഹത്തില്‍ കൂടുതല്‍ വിലയുള്ള വിലകൂടി പ്രോപ്പര്‍ട്ടി വിഭാഗത്തിലാണ് കൂടുതല്‍ ഇടപാടുകളും ഇപ്പോള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള 90 ഇടപാടുകളാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. പാം ജുമെയ്‌റയില്‍ 10 മില്യണ്‍ ദിര്‍ഹത്തില്‍ കൂടുതല്‍ വിലയുള്ള 81 വില്ല ഇടപാടുകളാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 54 ഇടപാടുകള്‍ മാത്രം നടന്ന സ്ഥാനത്താണിത്. ഏപ്രിലില്‍ ദുബായില്‍ 1,926 ഓഫ് പ്ലാന്‍ ഇടപാടുകളും രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 46.5 ശതമാനവും കഴിഞ്ഞ മാസത്തേക്കാള്‍ 13.9 ശതമാനവും അധികമാണിത്.
ഏപ്രിലില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടപാടുകളാണ് ബെറ്റര്‍ഹോംസില്‍ നടന്നതെന്ന് കമ്പനിയിലെ ബ്രോക്കറേജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് വെയിന്‍ഡ് പറഞ്ഞു. വളരെ കുറഞ്ഞ പലിശ നിലവാരവും പണയ ലഭ്യതയുമാണ് പ്രധാനമായും ഇടപാടുകള്‍ വര്‍ധിക്കാനുള്ള കാരണം. മാത്രമല്ല നിക്ഷേപകര്‍ക്ക് പ്രോപ്പര്‍ട്ടി വിപണിയിലുള്ള വിശ്വാസ്യത വര്‍ധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പന്നരായ യൂറോപ്യന്‍ ഇടപാടുകാരും യുഎഇയില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനെത്തുന്നുണ്ട്. ജീവിതശൈലി, സുരക്ഷ,ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയാണ് ദുബായിലെ പ്രോപ്പര്‍ട്ടി വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതെന്നും പല രാജ്യങ്ങളിലെയും പോസ്റ്റ് കോവിഡ് ടാക്‌സും റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നതെന്നും റിച്ചാര്‍ഡ് അഭിപ്രായപ്പെട്ടു