തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം; പുതുച്ചേരിയിലും ആസാമിലും എന്‍ഡിഎ
1 min readചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. ടൈസ് നൗ-സീ വോട്ടര്‍ സര്‍വേയില്‍ വന്‍ഭൂരിപക്ഷമാണ് സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ നേടുക എന്ന് പ്രവചിക്കുന്നു. 173 മുതല്‍ 183 വരെ സീറ്റുകളില്‍ മുന്നണി വിജയം നേടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 98 സീറ്റുകളാണ് നേടാനായിരുന്നത്. ഇക്കുറി 79 സീറ്റുകളിലധികം നേടാനായേക്കുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുരുന്ന് എഐഎഡിഎംകെ സഖ്യം 45മുതല്‍ 53വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് 136 സീറ്റുകളായിരുന്നു. 87 സീറ്റുകളിലധികം ഇക്കുറി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യം ഒന്നുമുതല്‍ അഞ്ച് സീറ്റുകള്‍വരെ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഒപ്പം ടിടിവി ദിനകരന്‍റെ എഎംഎംകെയും ഒന്നുമുതല്‍ അഞ്ച് സീറ്റുകളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.
മുന്‍പ് തമിഴ്നാട്ടില്‍ 234 അംഗ നിയമസഭയിലേക്ക് പ്രധാനമായും ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇപ്പോള്‍ നിരവധി ചെറു പാര്‍ട്ടികള്‍ അവിടെ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് വലിയ പാര്‍ട്ടികളുടെ സ്വാധീനത്തിന് തിരിച്ചടിയാകുന്നുണ്ട്.
അതേസമയം പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം നേട്ടമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), അഖിലേന്ത്യാ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎന്‍ആര്‍സി),എഐഎഡിഎംകെ എന്നിവരുള്‍പ്പെടുന്ന മുന്നണി 19 മുതല്‍ 23വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം യുപിഎ സഖ്യം 7മുതല്‍11വരെ സീറ്റുകളിലേക്ക് ചുരുങ്ങും. പുതുച്ചേരിയിലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ ഒരു സീറ്റില്‍പോലും വിജയിക്കില്ലെന്ന് വോട്ടെടുപ്പിന് മുമ്പുള്ള സര്‍വേയില്‍ പറയുന്നു.വോട്ട് വിഹിതം അനുസരിച്ച്, എന്‍ഡിഎ 47.2 ശതമാനം വോട്ടുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ആസാമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. എന്‍ഡിഎ സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ 65മുതല്‍ 73വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.യുപിഎ 52 മുതല്‍ 60വരെ സീറ്റ് നേടും. മറ്റുള്ളവര്‍ക്ക് നാല് സീറ്റുകള്‍ ലഭിക്കാനും സാധ്യതയുണ്ട്.