തമിഴകം കൊഴുക്കുന്നു : ഡിഎംകെ-കോണ്‍ഗ്രസ് മെഗാറാലി സേലത്ത്
1 min readരാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ സഖ്യപാര്‍ട്ടി നേതാക്കളും സംബന്ധിക്കും
ചെന്നൈ: ഈ മാസം 28ന് സേലത്ത് സംഘടിപ്പിക്കുന്ന മെഗാറാലിയെ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുല്‍ ഗാന്ധിയും ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും അഭിസംബോധന ചെയ്യും. സേലം ജില്ലയിലെ സേലനായ്ക്കന്‍പട്ടിയിലായിരിക്കും പൊതുസമ്മേളനം നടക്കുകയെന്ന് ഡിഎംകെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. സ്റ്റാലിന്‍ അധ്യക്ഷനാകുന്ന പൊതുയോഗത്തില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യ പാര്‍ട്ടികളായ സിപിഐ, സിപിഐ-എം, ഐയുഎംഎല്‍, വിസികെ, എംഎംകെ എന്നിവയുടെ നേതാക്കളും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തിവരികയാണ് ഡിഎംകെ. എന്നാല്‍ ദിവസങ്ങള്‍കഴിയുംതോറും ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ചെറുത്തുനില്‍പ്പ് വര്‍ധിച്ചുവരികയാണ്. വാക്ചാതുരികൊണ്ട് പിടിച്ചുനില്‍ക്കാന്‍ മുന്‍പുതന്നെ സ്റ്റാലിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികളുടെ കൂരമ്പുകള്‍ക്കെതിരെ മറുപടി പറയാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരെത്തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് തമിഴ്നാടിന്‍റെ ഭാവി മുഖ്യമന്ത്രി. ഇനി ദിവസങ്ങള്‍ മാത്രമാണ് വോട്ടെടുപ്പിന് ബാക്കിയുള്ളത്. ഈ അവസരത്തില്‍ നിലവിലുള്ള സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഡിഎംകെ നയിക്കുന്ന മുന്നണി വന്‍ റാലികള്‍ സംഘടിപ്പിക്കുന്നത്. ഇവിടെ ഭരണപക്ഷവും ഒട്ടും പിന്നിലല്ല എന്നത് പ്രതിപക്ഷത്തിന്‍റെ ആത്മവിശ്വാസം കുറയ്ക്കുന്നുണ്ട്.
മുമ്പ് നടന്ന അഭിപ്രായ വോട്ടെടുപ്പിലെല്ലാം സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള മുന്നണി വ്യക്തമായ ഭൂരപിക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചതാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ ജയലളിത വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുകയായിരുന്നു. എങ്കിലും ഇക്കുറി പ്രവചനങ്ങള്‍ പാഴാകാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.
തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ ഭരണം സൃഷടിച്ച ജനവികാരം എഐഎഡിഎംകെയെ തിരിഞ്ഞുകൊത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നുകരുതി അമിത ആത്മവിശ്വാസം പുലര്‍ത്തി നിന്നാല്‍ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടിവരും എന്ന് ഡിഎംകെ നേതാക്കള്‍ക്ക് ഉറപ്പുണ്ട്. കാരണം ആരെയും മോഹിപ്പിക്കുന്ന ഒരു പ്രകടനപത്രികയാണ് ഭരണപക്ഷം മുമ്പോട്ട് വെച്ചിരിക്കുന്നത്. നിഷ്പക്ഷ വോട്ടര്‍മാരും യുവാക്കളും ചിന്തിക്കുന്നതിന് അനുസരിച്ച് ഫലങ്ങളില്‍ ചാഞ്ചാട്ടമുണ്ടാകാനും സാധ്യതയേറെയാണ്.