കോണ്‍ഗ്രസിലെ ഭിന്നത സാധ്യതകളെ ബാധിക്കുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയത് യുഡിഎഫിന്‍റെ സ്വാധീനത്തില്‍ കുറവു വരുത്തിയിട്ടുണ്ടാകാമെന്ന് സംശയം. അതിനുശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായപ്പോള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് പോലെ കെട്ടുറപ്പുള്ള മുന്നണിയെ എങ്ങനെ മറികടക്കാനാകുമെന്ന ചിന്തയിലാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളിലെ സംസാരം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള കെസി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പുകൂടി രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ അസ്വസ്ഥായിരുന്ന പിസി ചാക്കോയും മറ്റ് നിരവധി പേരും പുറത്തുപോകാനുണ്ടായ കാരണം ഗ്രൂപ്പിസമാണ്. സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസും പാര്‍ട്ടിക്കുപുറത്തുപോകുമായിരുന്നു. എന്നാല്‍, ഈ വിഷയം ഇതുവരെ പരിഹരിക്കപ്പെട്ടില്ലെന്നും അദ്ദേഹം പുറത്തുപോയാല്‍ അത് ഗ്രൂപ്പിസം മൂലമാകുമെന്നും വൃത്തങ്ങള്‍ പറയുന്നു. നിരീക്ഷകരിലൂടെയും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളിലൂടെയും സ്ഥാനാര്‍ത്ഥികളെ എത്തിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചത് മറ്റ് പാര്‍ട്ടി നേതാക്കളില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇവിടെയും സോണിയയുടെ ഇടപെടല്‍ ഉണ്ടാകേണ്ടിവന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പിരിമുറുക്കം ഒഴിവാക്കാനും പാര്‍ട്ടിയെ ഐക്യപ്പെടുത്താനും കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് അടുത്ത ആഴ്ച രണ്ട് ദിവസം പ്രചാരണത്തിനായി എത്തുമെന്നും സൂചനയുണ്ട്.
അധികാരത്തിലിരിക്കുന്ന ഇടതുപക്ഷം ഭരണത്തുടര്‍ച്ചയ്ക്ക് എല്ലാ അടവുകളും പയറ്റുകയാണ്. അതേസമയം വീട്ടിലെ തര്‍ക്കങ്ങള്‍ ഒഴിഞ്ഞിട്ട് പ്രചാരണത്തിനിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത്. സ്ഥിതിഗതികള്‍ക്ക് ഉടനടി മാറ്റം വരുത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് അത് തിരിച്ചടിയാകും. വയനാട്ടില്‍ നിന്നുള്ള ലോക്സഭാ അംഗം കൂടിയായ രാഹുല്‍ ഗാന്ധിക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ താന്‍ മല്‍സരത്തിന് ഇല്ലെന്ന് അദ്ദേഹം മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ആന്‍റണി, രാജ്യസഭയിലേക്ക് ഒരുതവണകൂടി ശ്രമിക്കില്ലെന്ന് വ്യക്തമാക്കി. “രാജ്യസഭയിലെ എന്‍റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ലെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്’ അദ്ദേഹം വ്യക്തമാക്കി.