രാജസ്ഥാന്‍ ഫോണ്‍ ടാപ്പിംഗ് കേസ്: കോണ്‍ഗ്രസ് നേതാവിനെ വിളിച്ചുവരുത്തും
ഗെലോട്ടിനെതിരെ നിലപാട് കടുപ്പിച്ച് പൈലറ്റ് വിഭാഗം
ജയ്പൂര്‍: രാജസ്ഥാന്‍ ഫോണ്‍ ടാപ്പിംഗ് കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് സമര്‍പ്പിച്ച കേസില്‍ ഡെല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. ഇതിനോടനുബന്ധിച്ച് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിക്ക് നോട്ടീസ് നല്‍കിയ അന്വേഷക സംഘം ചോദ്യം ചെയ്യലിനായി ജൂണ്‍ 24 ന് പ്രശാന്ത് വിഹാര്‍ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള രാഷ്ട്രീയയുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. ഡെല്‍ഹി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സതീഷ് മാലിക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, നോട്ടീസ് ഇതുവരെ വായിച്ചിട്ടില്ലെന്നായിരുന്നു മഹേഷ് ജോഷി അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരായിരുന്നു സച്ചിന്‍റേത്. എന്നാല്‍ അവസാനം പഴയ നേതാവായ ഗെലോട്ടില്‍ത്തന്നെ മുഖ്യമന്ത്രിപദം എത്തി. ഈ നടപടി സച്ചിനെ അപമാനിച്ചതിനുതുല്യമായി അദ്ദേഹം അന്ന് കരുതിയിരുന്നു. തുടര്‍ന്ന് തന്നെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം സച്ചിന്‍ ഹരിയാനയിലെ ഹോട്ടലില്‍ തമ്പടിക്കുകയും ചെയ്തു. ഈ കാലയളവിലാണ് ഫോണ്‍ ടാപ്പിംഗ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ആരോപിക്കപ്പെട്ടത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പരാതി നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25 ന് ഡെല്‍ഹി പോലീസിന്‍റെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്ഐആറില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു പ്രതിനിധികളുടെ ഫോണുകള്‍ അനധികൃതമായി ടാപ്പുചെയ്യുന്നുവെന്ന് ഷെഖാവത്ത് ആരോപിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ഒ.എസ്.ഡി ലോകേഷ് ശര്‍മയെയും കേസില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ മഹേഷ് ജോഷിയുടെ പേരും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ചോര്‍ന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ മഹേഷ് ജോഷിയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് സംബന്ധിച്ച് മഹേഷ് ജോഷി എസിബി, എസ്ഒജി എന്നിവിടങ്ങളില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ സംബന്ധിച്ച് ലോകേഷ് ശര്‍മ അടുത്തിടെ ഡെല്‍ഹി ഹൈക്കോടതിയെയും സമീപിച്ചുന്നതാണ്. ആഗസ്റ്റ് 6 ന് കോടതി അടുത്ത വാദം കേള്‍ക്കുകയും അതുവരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേസിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് രാജസ്ഥാന്‍ പോലീസില്‍ നിന്നും തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറച്ച് കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ വിളിച്ചേക്കാം. എംഎല്‍എമാരുടെ ഫോണുകള്‍ സര്‍ക്കാര്‍ ടാപ്പുചെയ്യുന്നുണ്ടെന്ന് പൈലറ്റ് അനുകൂല എംഎല്‍എ വേദ് സോളങ്കിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.