എല്‍ജിയുടെ വെബ്ഒഎസില്‍ ഡൈവ ഡി50യു1ഡബ്ല്യുഒഎസ്
50 ഇഞ്ച് മോഡലിന് 43,999 രൂപയാണ് വില
ന്യൂഡെല്‍ഹി: ഡൈവ ഡി50യു1ഡബ്ല്യുഒഎസ് സ്മാര്‍ട്ട് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സീരീസിലെ ആദ്യ ഉല്‍പ്പന്നമായ 50 ഇഞ്ച് മോഡലിന് 43,999 രൂപയാണ് വില. പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. എല്‍ജി ടിവികള്‍ കൂടാതെ, എല്‍ജിയുടെ വെബ്ഒഎസ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ 4കെ ടിവി എന്ന അവകാശവാദത്തോടെയാണ് ഡൈവ ഡി50യു1ഡബ്ല്യുഒഎസ് വിപണിയിലെത്തുന്നത്.
60 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 16:9 കാഴ്ച്ചാ അനുപാതം, 1,000,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, 400 നിറ്റ് പരമാവധി തെളിച്ചം, ക്വാണ്ടം ലിമിനിറ്റ്പ്ലസ് സാങ്കേതികവിദ്യ എന്നിവ സഹിതം 50 ഇഞ്ച് 4കെ (3840, 2160 പിക്‌സല്‍) ഡിഎല്‍ഇഡി എ പ്ലസ് ഗ്രേഡ് പാനല്‍ നല്‍കി. മൂന്ന് വശങ്ങളിലും സ്ലിം ബെസെലുകള്‍, താഴെ ഡൈവ ബ്രാന്‍ഡിംഗ് സഹിതം സ്ലിം ചിന്‍ എന്നിവയോടെയാണ് രൂപകല്‍പ്പന. സ്‌ക്രീന്‍ ബോഡി അനുപാതം 96 ശതമാനമാണ്. 1.1 ഗിഗാഹെര്‍ട്‌സ് ശേഷിയോടെ ക്വാഡ് കോര്‍ ആം സിഎ55 പ്രൊസസര്‍ കരുത്തേകുന്നു. മാലി ജി31 എംപി2 ജിപിയു കൂടെ നല്‍കി. 1.5 ജിബി റാം, 8 ജിബി സ്റ്റോറേജ് ലഭിച്ചു. എല്‍ജിയുടെ വെബ്ഒഎസ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ബില്‍റ്റ് ഇന്‍ ‘തിന്‍ക്യു’ എഐ വോയ്‌സ് ഫീച്ചറുകള്‍ നല്‍കി. എച്ച്ഡിആര്‍10, എച്ച്എല്‍ജി, എംഇഎംസി ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന 20 വാട്ട് ബോക്‌സ് സ്പീക്കറുകള്‍ ലഭിച്ചു. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സീ5, സോണിലൈവ്, മറ്റ് ഒടിടി സേവനങ്ങള്‍ എന്നിവ എല്‍ജി തിന്‍ക്യു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി നിയന്ത്രിക്കാന്‍ കഴിയും. വോയ്‌സ് കണ്‍ട്രോളിനായി ആപ്പ് ഉപയോഗിക്കാം. റിമോട്ടായും ഡിവൈസുകള്‍ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കാം.
ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, മൂന്ന് എച്ച്ഡിഎംഐ 2.0 പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, ഈതര്‍നെറ്റ്, ഓപ്റ്റിക്കല്‍ ഔട്ട്പുട്ട്, ഇയര്‍ഫോണ്‍ ജാക്ക്, ആര്‍എഫ് ഇന്‍, എവി ഇന്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. എല്‍ജി സ്മാര്‍ട്ട് ടിവികളുടെ കൂടെ ലഭിക്കുന്നതുപോലെ ‘മാജിക് റിമോട്ട്’ സഹിതമാണ് വരുന്നത്. ‘എയര്‍ മൗസ്’ സാങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യും. പ്രത്യേക വോയ്‌സ് അസിസ്റ്റന്റ് ബട്ടണ്‍ നല്‍കി. സ്റ്റാന്‍ഡ് കൂടാതെ 9.4 കിലോഗ്രാമാണ് ഭാരം.