കൊച്ചിൻ ഷിപ് യാർഡിന് കേരള ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡ്

കൊച്ചി: വലിയ എൻജിനീയറിങ് ഫാക്ടറികളുടെ വിഭാഗത്തിൽ, കൊച്ചിൻ ഷിപ് യാർഡ് കേരള ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡ് – 2023 കരസ്ഥമാക്കി. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സുരക്ഷാ അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിൻ ഷിപ് യാർഡിനു വേണ്ടി ഡോ. ഹരികൃഷ്ണൻ എസ്, സിജിഎം & ഒക്യുപയർ, സന്തോഷ് ഫിലിപ്പ്, ജിഎം & ഫാക്ടറി മാനേജർ എന്നിവരുടെ നേത്യത്വത്തിൽ ഉള്ള സംഘo അവാർഡ് ഏറ്റുവാങ്ങി.കൊച്ചിൻ ഷിപ് യാർഡിൽ നിന്നുള്ള ചീഫ് വെൽഫെയർ ഓഫീസർ തങ്കരാജ് സി ആർ, അബ്ദുൾ മനാഫ് എ, അസി. ജനറൽ മാനേജർ – സേഫ്റ്റി, എന്നിവർ സ്റ്റാറ്റിയൂട്ടറി ഓഫീസർമാർ എന്ന നിലയിൽ മികച്ച സംഭാവനകൾ നൽകിയതിനുള്ള വ്യക്തിഗത അവാർഡുകൾ കരസ്ഥമാക്കി.
സംസ്ഥാന സുരക്ഷിതത്വ അവർഡുകൾക്ക് പുറമേ നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നൽകുന്ന ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരവും കൊച്ചിൻ ഷിപ് യാർഡിനെ തേടിയെത്തി. വളരെ വലിയ എഞ്ചിനീയറിംഗ് കമ്പനികളുടെ വിഭാഗത്തിൽ വ്യവസായ സുരക്ഷയ്ക്ക് നൽകി വരുന്ന ഗണ്യമായ സംഭാവനകളും, നേട്ടങ്ങളും പരിഗണിച്ച് കൊണ്ട് നൽകുന്ന ശ്രദ്ധേയമായ ഈ അംഗീകാരം കൊച്ചിൻ ഷിപ് യാർഡിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകും. നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നൽകുന്ന വിശിഷ്ടമായ ഈ സുരക്ഷാ അവാർഡ് കൊച്ചിൻ ഷിപ് യാർഡിനു വേണ്ടി ഡോ. ഹരികൃഷ്ണൻ എസ്, സിജിഎം & ഒക്യുപയർ, സന്തോഷ് ഫിലിപ്പ്, ജിഎം & ഫാക്ടറി മാനേജർ എന്നിവരുടെ നേത്യത്വത്തിൽ സംഘo എറണാകുളം ജില്ലാ കളക്ടറിൽ നിന്നും സ്വീകരിച്ചു.