കോവിഡ് 19 അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജൂലൈ 31 വരെ
1 min readതെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഓരോ കേസും പ്രത്യേകമായി പരിശോധിച്ച് ഷെഡ്യൂള്‍ ചെയ്ത യാത്രാ വിമാനങ്ങള്‍ അനുവദിച്ചേക്കാം എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്
ന്യൂഡെല്‍ഹി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകളുടെ സസ്പെന്‍ഷന്‍ 2021 ജൂലൈ 31 വരെ നീട്ടുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര യാത്രാ വിലക്ക് നീട്ടിയിട്ടുള്ളത്. 26-06-2020 തീയതിയില്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ സര്‍വീസിന് വിലക്കേര്‍പ്പെടുത്ത് കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഓരോ കേസും പ്രത്യേകമായി പരിശോധിച്ച് ഷെഡ്യൂള്‍ ചെയ്ത യാത്രാ വിമാനങ്ങള്‍ അനുവദിച്ചേക്കാം എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് -19 ന്‍റെ വ്യാപനം പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി പൂട്ടിയിട്ടതിനാല്‍ 2020 മാര്‍ച്ച് 25 ന് യാത്രക്കാരുടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പിന്നീട് 2020 മെയ് 25 മുതല്‍ പുനരാരംഭിച്ചു.
കോവിഡ് 19 ആഗോള തലത്തില്‍ തന്നെ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാനം. ഇന്ത്യയുടെ വ്യോമയാന മേഖല കോവിഡിന്‍റെ വരവിന് മുമ്പു തന്നെ വലിയ വെല്ലുവിളികള്‍ നേരിടുകയായിരുന്നു.
എയര്‍ ഇന്ത്യയെ വിറ്റഴിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് നടപ്പാകാനിടയില്ല.