Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രതിസന്ധി ഇന്ത്യയില്‍ കുട്ടികളുടെ പോഷകാഹാര ലഭ്യതയെ ബാധിക്കും: യൂണിസെഫ് 

1 min read

ശക്തമായ രണ്ടാം തരംഗത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ യൂണിസെഫ് പല ഇടപെടലുകളും നടത്തുന്നുണ്ട്

പകുതിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കുട്ടികളുടെ പോഷകാഹാര ലഭ്യതയെയും വിതരണ സേവനങ്ങളെയും സാരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ സംഘടനയായ യൂണിസെഫ്. പ്രതിവര്‍ഷം 27 ദശലക്ഷം ജനനങ്ങളും 30 ദശലക്ഷം ഗര്‍ഭധാരണവും നടക്കുന്ന ഇന്ത്യയില്‍ പ്രസവത്തിനായി സ്ത്രീകളെ സഹായിക്കുന്ന സേവനങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന് യൂണിസെഫിന്റെ ഇന്ത്യയിലെ പ്രതിനിധി യാസ്മിന്‍ അലി ഹേഗ് പറഞ്ഞു.

ആരോഗ്യ കേന്ദ്രങ്ങള്‍ കോവിഡ്-19 രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍, പ്രസവത്തിനാവശ്യമായ സഹായങ്ങള്‍ക്കായി സ്ത്രീകള്‍ കഷ്ടപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളതായി യാസ്മിന്‍ പറഞ്ഞു. കോവിഡ് മൂലം രാജ്യത്തെമ്പാടും സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ പഠനം പോലും നടക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 247 ദശലക്ഷം കുട്ടികളുടെ പ്രാഥമിക, സെക്കന്‍ഡറി തല വിഭ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് വിഭ്യാഭ്യാസം ഏറ്റവും ആവശ്യമായ സമയത്ത് സുരക്ഷിതമായ ഇടങ്ങളില്‍ ഇരുന്ന് പഠിക്കാനുള്ള അവരുടെ അവകാശമാണ് ഇല്ലാതാകുന്നത്. മാത്രമല്ല, നിരവധി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനുള്ള സൗകര്യങ്ങളില്ല. അതിനാല്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന സ്ഥിതി ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ തുടരുമെന്ന് യാസ്മിന്‍ സൂചന നല്‍കി.

ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ട അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ തന്നെ യൂണിസെഫ് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കുന്നുണ്ടെന്ന് യാസ്മിന്‍ അറിയിച്ചു. ഇന്ത്യ അതിഭയങ്കരമായ കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണെന്ന് യുഎന്‍ പ്രതിനിധി നിരീക്ഷിച്ചു. ഇന്ത്യയിലെ കോവിഡ് രോഗ വര്‍ധനയില്‍ യൂണിസെഫിന് വലിയ ആശങ്കയുണ്ട്. ആദ്യ തരംഗത്തേക്കാളും നാലിരട്ടി വലുപ്പത്തിലുള്ളതാണ് രണ്ടാം തരംഗം. വൈറസ് അതിവേഗത്തിലാണ് സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്നത്. ഓരോ സെക്കന്‍ഡിലും ശരാശരി നാല് പുതിയ കേസുകളും ഓരോ മിനിട്ടില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും കൈക്കുഞ്ഞുങ്ങളുമടക്കം എല്ലാ പ്രായത്തിലുള്ളവരെയും രോഗം കീഴ്‌പ്പെടുത്തുകയാണ്.

ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ ബാക്കിയുള്ള രാജ്യങ്ങള്‍ക്കെല്ലാം ഒരു പാഠമായിരിക്കണമെന്ന് യാസ്മിന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പെട്ട്‌ന്നൊന്നും അവസാനിക്കില്ല. ദക്ഷിണേഷ്യയില്‍ ഉടനീളം, പ്രത്യേകിച്ച് നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ രോഗനിരക്ക് കുതിച്ചുയരുകയാണ്. ആരോഗ്യ സംവിധാനങ്ങളെ മുഴുവന്‍ തകിടം മറിക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വളരെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് (ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെ) പകര്‍ച്ചവ്യാധി വ്യാപനം ഇനിയും കൂടാന്‍ കാരണമാകും. ദക്ഷിണേഷ്യയ്ക്ക് പുറമേ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് മൂലമുള്ള അപകടകരമായ സാഹചര്യം നിലവിലുണ്ടെന്ന് യാസ്മിന്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുന്നതിനനുസരിച്ച് കുട്ടികളില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൂടിവരുന്നു. രണ്ടാം തരംഗത്തോടെ പൊതുജനാരോഗ്യ നടപടികളും കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളും തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. മാത്രമല്ല വളരെ പരിതാപകരമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. പലര്‍ക്കും പകര്‍ച്ചവ്യാധി മൂലം മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടമായി. മതിയായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള അനധികൃത ദത്തെടുക്കലിന് കാരണമാകുന്നുണ്ടെന്നും അനാഥരായ കുട്ടികളെ ചൂഷണങ്ങളിലേക്കും പീഡനങ്ങളിലേക്കുമാണ് ഇതെത്തിക്കുകയെന്നും യാസ്മിന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി മൂലം അനാഥരാക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്നാണ് യൂണിസെഫ് ആഗ്രഹിക്കുന്നതെന്ന് യാസ്മിന്‍ പറഞ്ഞു. ആരുമില്ലാതാകുന്ന കുട്ടികളെ സംരക്ഷണത്തിനായി ബന്ധുക്കള്‍ മുന്നോട്ടുവരണം. അവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമമുണ്ടാകണമെന്നും സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. അവശ്യ ആരോഗ്യ, സാമൂഹിക, സംരക്ഷണ, വിദ്യാഭ്യാസ സേവനങ്ങള്‍ തടസ്സപ്പെടുക വഴി പകര്‍ച്ചവ്യാധി കുട്ടികളില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. അവര്‍ മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇരകളാകുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ആവശ്യമായ സേവനങ്ങളും അവര്‍ക്ക് ലഭ്യമാകുന്നില്ല. പലരും ആക്രമിക്കപ്പെടുക പോലും ചെയ്യുന്നു. മാത്രമല്ല കൃത്യമായ പ്രതിരോധ കുത്തിവെപ്പുകള്‍, തീവ്ര പരിചരണം, ന്യൂമോണിയക്കും മറ്റ് രോഗങ്ങള്‍ക്കുമുള്ള ചികിത്സ തുടങ്ങി കുട്ടികളെ ലക്ഷ്യമാക്കിയുള്ള പല സേവനങ്ങളും ഇന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേഷന്‍, ടെസ്റ്റിംഗ് കിറ്റുകള്‍, നിര്‍ണായക ഉപകരണങ്ങള്‍ തുടങ്ങി പല അടിയന്തര ജീവന്‍ രക്ഷ സാമഗ്രികളും യൂണിസെഫ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഇവ കൂടാതെ രണ്ട് ദശലക്ഷത്തോളം മാസ്‌കുകളും 200,000ത്തോളം സര്‍ജിക്കല്‍ മാസ്‌കുകളും യൂണിസെഫ് ഇന്ത്യക്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ മാസം പകുതിയോടെ 2,000 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേഷന്‍ കൂടി യൂണിസെഫ് ഇന്ത്യയിലെത്തിക്കും. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലുള്ള 50,000ത്തോളം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും യൂണിസെഫ് നിരീക്ഷിക്കുന്നുണ്ടെന്ന് യാസ്മിന്‍ അറിയിച്ചു.

Maintained By : Studio3