കോവിഡ്-19 രണ്ടാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് വിദഗ്ധര്‍
1 min readനേരത്തെ നോവല്‍ കൊറോണ വൈറസ് കുട്ടികളെ കാര്യമായി ബാധിച്ചിരുന്നില്ല
ന്യൂഡെല്‍ഹി രാജ്യത്തെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് അതിരൂക്ഷമായി തുടരുന്ന രണ്ടാം കോവിഡ് വ്യാപനത്തില്‍ കുട്ടികളില്‍ രോഗബാധ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടാം തരംഗത്തില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കുട്ടികള്‍ കാണിക്കുന്നതെന്നും മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ നോവല്‍ കൊറോണ വൈറസ് കുട്ടികളെ കാര്യമായി ബാധിച്ചിരുന്നില്ല. രോഗം വന്ന കുട്ടികള്‍ നേരിയ തോതിലുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. ചിലര്‍ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗത്തില്‍ കോവിഡ്-19 കുട്ടികളെയും 45 വയസിന് താഴെയുള്ള മുതിര്‍ന്നവരെയും ഗുരുതരമായാണ് ബാധിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളാണ് രണ്ടാംതരംഗത്തില്‍ രോഗബാധിതരാകുന്നതെന്ന്് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ.ക്രിഷന്‍ ചുഗ് പറഞ്ഞു. മിക്ക കുട്ടികളും പനി, ചുമ, ഉദര പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. ചിലരില്‍ ശരീരവേദന, തലവേദന, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണുന്നുണ്ട്.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഒക്ടോബറില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കുട്ടികളും കൗമാരപ്രായക്കാരുമായ രോഗികള്‍ കേവലം എട്ട് ശതമാനം മാത്രമായിരുന്നു. എന്നാല്‍ രണ്ടാംതരംഗത്തില്‍, എല്ലാ പ്രായത്തിലും പെട്ട കുട്ടികളെ, ഒരു വയസില്‍ താഴെയുള്ളവരെ വരെ രോഗം ബാധിക്കുന്നുണ്ടെന്ന് സാകേതിലെ പിഎസ്ആര്‍ഐ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയായ ഡോ.സരിത ശര്‍മ്മ പറഞ്ഞു. മാത്രമല്ല മുമ്പത്തെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഇത്തവണ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നും ഡോക്ടര്‍ വിശദീകരിച്ചു.
ചില കുട്ടികള്‍ക്ക് 5-6 ദിവസത്തോളം 103-104 ഡിഗ്രി പനി അനുഭവപ്പെടുന്നുണ്ട്. ചിലര്‍ക്ക് രോഗം കൂടുതല്‍ ഗുരുതരമായി ന്യുമോണിയ ആകുകയും ഓക്‌സിജനും ശ്വസനസഹായികളും ആവശ്യമാകുന്ന അവസ്ഥയിലേക്ക് നില വഷളാകുകയും ചെയ്യുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ന്യുമോണിയ നിരക്ക് കുറവാണെന്നതാണ് ആശ്വാസം നല്‍കുന്ന ഒരു കാര്യമെന്ന് ഡെല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധനായ ഡോ.ധീരന്‍ ഗുപ്ത അഭിപ്രായപ്പെട്ടു.
അതേസമയം കോവിഡ്-19 വന്ന ചില കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം (എംഐഎസ്-സി) പോലുള്ള സങ്കീര്‍ണമായ രോഗാവസ്ഥകളും കാണപ്പെടുന്നുണ്ട്. വിട്ടുമാറാത്ത പനി അനുഭവപ്പെടുന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് എംഐഎസ്-സി. കോവിഡ്-19 വന്ന് 2-4 ആഴ്ചകള്‍ക്കുള്ളിലാണ് സാധാരണയായി എംഐഎസ്-സി വരുന്നത്. അതിനാല്‍ കുട്ടികളിലെ ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കരുതെന്നും അതിസാരം, ശ്വസനപ്രശ്‌നങ്ങള്‍, ഉന്മേഷക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. രോഗം ഗുരുതരമാകാതിരിക്കുന്നതിന് ഇത്തരം നേരിയ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് പ്രധാനമാണെന്നും വൈദ്യശാസ്ത്ര ലോകം അഭിപ്രായപ്പെട്ടു.
ലക്ഷണങ്ങള്‍ 5-6 ദിവസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ കുട്ടികളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. അതേസമയം പള്‍സ് ഓക്‌സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ കുട്ടികളില്‍ അനുയോജ്യമല്ലാത്തതിനാല്‍ ഓക്‌സിജന്റെ തോത് പരിശോധിക്കേണ്ടതില്ല. കുട്ടികള്‍ക്കുള്ള കോവിഡ്-19 വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളുവെന്നതിനാലും മാസങ്ങള്‍ കൊണ്ടേ വാക്‌സിന്‍ പുറത്തിറങ്ങൂ എന്നതിനാലും നിലവില്‍ മാസ്‌ക് ധരിക്കലും കൈകളുടെ ശുചിത്വം പാലിക്കലും സാമൂഹിക അകലം പാലിക്കലുമാണ് കുട്ടികള്‍ക്ക് രോഗം വരാതിരിക്കാനുള്ള ഏക മാര്‍ഗം. കുട്ടികളുമായി പുറത്തിറങ്ങാതിരിക്കുകയാണ് ഏറ്റവും നല്ലതെന്നും വൈറസ് പിടിപെടാനുള്ള സാധ്യത പരമാവധി ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.