ഇന്ത്യയുടെ വായ്പാ-ജിഡിപി അനുപാതം ഉയര്‍ന്ന് 90%ല്‍
1 min read2019 അവസാനത്തില്‍ കടത്തിന്‍റെ അനുപാതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 74 ശതമാനമായിരുന്നു
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുടെ കാലയളവില്‍ ഇന്ത്യയുടെ വായ്പാ-ജിഡിപി അനുപാതം 74 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി ഉയര്‍ന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക വീണ്ടെടുക്കലിന്‍റെ ഫലമായി ഇത് 80 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഎഫ് വ്യക്തമാക്കുന്നു.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കോവിഡ് 19ന് മുമ്പ് 2019 അവസാനത്തില്‍ കടത്തിന്‍റെ അനുപാതം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ (ജിഡിപി) 74 ശതമാനമായിരുന്നു. 2020 അവസാനത്തോടെ ഇത് ജിഡിപിയുടെ ഏതാണ്ട് 90 ശതമാനമാണ്. ഇത് വളരെ വലിയ വര്‍ദ്ധനവാണ്, എന്നാല്‍ മറ്റ് വളര്‍ന്നുവരുന്ന വിപണികളും വികസിത സമ്പദ്വ്യവസ്ഥകളും നേരിട്ട കാര്യമാണിത്,’ ഐഎംഎഫിന്‍റെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പോലോ മൗറോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആളുകളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നത് തുടരുക എന്നതിനാണ് അടിയന്തര മുന്‍ഗണനയെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും, ഏറ്റവും ദുര്‍ബലരായവരെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇതിനകം അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കും വീണ്ടെടുപ്പിനുമുള്ള പിന്തുണയുണ്ട്. ഇടത്തരം കാലയളവില്‍ വിശ്വസനീയമായ ധനകാര്യ ചട്ടക്കൂട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊതുചെലവിടല്‍ നടത്തേണ്ടത് അനിവാര്യമാണെന്നും ക്രമേണ കമ്മി കുറയ്ക്കാന്‍ ഇന്ത്യക്കാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
പൊതുവേ വളര്‍ന്നുവരുന്ന വിപണികളില്‍ പ്രകടമായ പൊതു കടത്തിന്‍റെ വലിയ വര്‍ധന കണക്കിലെടുക്കുമ്പോള്‍, അസമത്വത്തിന്‍റെ വലിയ വര്‍ധനയാണ് ഇതിലേക്ക് നയിച്ചതെന്ന് മൗറോ കൂട്ടിച്ചേര്‍ത്തു. 2020ല്‍ ജിഡിപിയുടെ 97 ശതമാനമായി ആഗോളതലത്തിലെ കടം കുത്തനെ ഉയര്‍ന്നുവെന്ന് ഐഎംഎഫിന്‍റെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ വിറ്റര്‍ ഗാസ്പര്‍ പറഞ്ഞു. താഴ്ന്ന് സ്ഥിരത കൈവരിക്കുന്നതിന് മുമ്പ്, ഇത് 2021ല്‍ ചെറിയ തോതില്‍ വര്‍ധിച്ച് 99 ശതമാനമായി മാറുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു.