പഞ്ചവല്‍സര വിദേശ വ്യാപാര പദ്ധതിക്ക് ദുബായ് കൗണ്‍സിലിന്റെ അംഗീകാരം
1 min read-
ദുബായുടെ വിദേശ വ്യാപാരം 1.4 ട്രില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 2 ട്രില്യണ്‍ ദിര്‍ഹമാക്കി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
-
മൂന്ന് പുതിയ വാണിജ്യ ചേംബറുകള്‍ ആരംഭിക്കും
ദുബായ്: ദുബായുടെ വിദേശ വ്യാപാരം 1.4 ട്രില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 2 ട്രില്യണ്‍ ദിര്‍ഹമാക്കി വര്‍ധിപ്പിക്കുന്നതിനുള്ള പഞ്ചവല്‍സര വിദേശ വ്യാപാര നയത്തിന് ദുബായ് കൗണ്‍സില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുബായ് കൗണ്‍സില്‍ യോഗം സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുന്നതും ഭരണസമിതിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമടക്കം നിരവധി പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ആഗോള സാമ്പത്തിക, നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള ദുബായുടെ സ്ഥാനം മെച്ചപ്പെടുത്തുകയും എമിറേറ്റിലെ പൗരന്മാരുടെയും നിവാസികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് പുതിയ പ്രമേയങ്ങളുടെ ലക്ഷ്യമെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു.
മൂന്ന് പുതിയ വാണിജ്യ ചേംബറുകള്‍
ദുബായ് ചേംബര്‍ പുനഃസംഘടിപ്പിക്കാനും ദുബായ് ചേംബര്‍, ദുബായ് ചേംബര്‍ ഫോര്‍ ഇന്റെര്‍നാഷണല്‍ ട്രേഡ്, ദുബായ് ചേംബര്‍ ഫോര്‍ ഡിജിറ്റല്‍ ഇക്കോണമി എന്നിങ്ങനെ മൂന്ന് പുതിയ വാണിജ്യ ചേംബറുകള്‍ ആരംഭിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ദുബായ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും ചേംബര്‍ ഫോര്‍ ഇന്റെര്‍നാഷണല്‍ ട്രേഡിന്റെ പ്രവര്‍ത്തനമെന്നും വളര്‍ച്ചയും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിച്ച് കൊണ്ട് ഭാവി സാങ്കേതികവിദ്യകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനായിരിക്കും ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കോണമി ഊന്നല്‍ നല്‍കുകയെന്നും ഷേഖ് മുഹമ്മദ് വ്യക്തമാക്കി.
ജുമ അല്‍ മജീദിനെ ദുബായ് ചേംബര്‍ ഓണററി ചെയര്‍മാനായും അബ്ദുള്‍അസീസ് അള്‍ ഗുരൈറിനെ ദുബായ് ചേംബര്‍ ചെയര്‍മാനായും സുല്‍ത്താന്‍ ബിന്‍ സുലെയത്തിനെ ദുബായ് ചേംബര്‍ ഓഫ് ഇന്റെര്‍നാഷണല്‍ ട്രേഡ് ചെയര്‍മാനായും ഒമര്‍ അല്‍ ഒലമയെ ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇക്കോണമി ചെയര്‍മാനായും ഷേഖ് മുഹമ്മദ് പ്രഖ്യാപിച്ചു. മൂന്ന് ചേംബറുകളിലും തന്ത്രപ്രധാന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി അബ്ദുള്‍അസീസ് അല്‍ ഗുരൈറിന്റെ നേതൃത്വത്തില്‍ മറ്റ് ചെയര്‍മാന്‍മാരെയും ഉള്‍പ്പെടുത്തി മറ്റൊരു ഉന്നതാധികാര കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
വിദേശ വ്യാപാരം വര്‍ധിപ്പിക്കുക ലക്ഷ്യം
ദുബായുടെ വിദേശ വ്യാപാരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനാകും ഇന്റെര്‍നാഷണല്‍ ട്രേഡ് ചേംബര്‍ ഊന്നല്‍ നല്‍കുക. പുതിയ ആഗോള വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക, സാമ്പത്തിക പങ്കാളിത്തങ്ങള്‍ വളര്‍ത്തുക, ആഗോള വിപണികള്‍ കണ്ടെത്താന്‍ പ്രാദേശിക കമ്പനികള്‍ക്ക് സഹായം നല്‍കുക, ലോകത്തിന്റെ എല്ലായിടങ്ങളില്‍ നിന്നുമുള്ള ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ദുബായിലേക്ക് ആകര്‍ഷിക്കുക എന്നിവയാകും ഈ ചേംബറിന്റെ ലക്ഷ്യങ്ങള്‍. ബിസിനസുകാരും സംരംഭകരും നിക്ഷേപകരും ഈ ചേംബറിന്റെ ഭാഗമായിരിക്കും.
ഡിജിറ്റല്‍ ഇക്കോണമി
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ദുബായില്‍ ഒരുക്കുക, അന്താരാഷ്ട്ര ടെക്‌നോളജി ഹബ്ബാക്കി ദുബായിയെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ ഭാവി സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങള്‍ വികസിപ്പിക്കുക പ്രോജക്ടുകള്‍ അവതരിപ്പിക്കുക എന്നിവയാണ് ഡിജിറ്റല്‍ ഇക്കോണമി ചേംബറിന്റെ ദൗത്യം.
ടെക്‌നോളജി കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, എമിറേറ്റില്‍ ഡിജിറ്റല്‍ ഇക്കോണമിയുടെ പങ്ക് ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ, ഈ ചേംബര്‍ തദ്ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള ടെക് സംരംഭകരുടെയും നിക്ഷേപകരുടെയും ശൃംഖലയ്ക്ക് രൂപം നല്‍കും. ഡിജിറ്റല്‍ ഇക്കോണമിക്ക് അനുകൂലമായ സാഹചര്യം ദുബായിലും യുഎഇയിലും ഒരുക്കുന്നതിന് വേണ്ടിയുള്ള നിയമ നിര്‍മാണങ്ങള്‍ക്കും ഈ ചേംബര്‍ സഹായിക്കും. ടെക് സംരംഭകരും നിക്ഷേപകരുമായിരിക്കും ഈ ചേംബറില്‍ ഉണ്ടായിരിക്കുക.
ദുബായ് സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ചുമതലകള്‍, ജോലിയിലുള്ള കൃത്യനിഷ്ഠ, ലക്ഷ്യങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന മൂന്ന് വര്‍ഷത്തെ കരാറില്‍ ഇനിമുതല്‍ ദുബായ് ഉദ്യോഗസ്ഥരും ഉന്നതാധികാരികളും ഒപ്പുവെക്കണം. കൂടുതല്‍ കാര്യക്ഷമവും ഊര്‍ജസ്വലവും ലോകത്ത് നടക്കുന്ന അതിവേഗത്തിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നതുമായ തരത്തില്‍ ദുബായ് സര്‍ക്കാരിനെ പൂര്‍ണമായി പുനഃസംഘടിപ്പിച്ചതായി ഷേഖ് മുഹമ്മദ് പറഞ്ഞു.
പഞ്ചവല്‍സര വിദേശ വ്യാപാര പദ്ധതി
ലോകമെമ്പാടുമുള്ള നാനൂറ് നഗരങ്ങളിലേക്ക് ദുബായുടെ വ്യാപാര ശൃംഖല വിപുലപ്പെടുത്തുന്ന പുതിയ ആഗോള വ്യാപാര നയങ്ങള്‍ക്കും ദുബായ് കൗണ്‍സില്‍ അംഗീകാരം നല്‍കി. അന്താരാഷ്ട്ര ബിസിനസ് ഹബ്ബെന്ന നിലയിലുള്ള യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി 200ഓളം നഗരങ്ങളിലേക്ക് കൂടി ദുബായ് വ്യാപാര ശൃംഖല വ്യാപിപ്പിക്കുമെന്ന് ഷേഖ് മുഹമ്മദ് അറിയിച്ചു. പഞ്ചവല്‍സര വിദേശ വ്യാപാര പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിഭവങ്ങളും ഒരുക്കിയതായി ഷേഖ് മുഹമ്മദ് അറിയിച്ചു. അന്താരാഷ്ട്ര ബിസിനസ് ഹബ്ബെന്ന നിലയിലുള്ള സ്ഥാനം മെച്ചപ്പെടുത്തുന്നതിനൊപ്പം ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങി അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന വിപണികളുമായുള്ള വ്യാപാരത്തിന് പ്രത്യേക ഊന്നല്‍ നല്‍കാനും പഞ്ചവല്‍സര പദ്ധതി ലക്ഷ്യമിടുന്നു.